മലയാള സിനിമാ രംഗത്ത് താരങ്ങളുടെയും അണിയറ പ്രവർത്തകരുടേയും ഗ്രേഡ് അനുസരിച്ച് വിവേചനം നിലനിൽക്കുന്നുണ്ടെന്ന് വീണ്ടും വിളിച്ചുപറഞ്ഞ് സിനിമാതാരം ബിനീഷ് ബാസ്റ്റിൻ. സിനിമാ മേഖലയിൽ തനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താനും വിവേചനം നേരിട്ടെന്നും ബിനീഷ് പറയുന്നു.
സിനിമയിലെ വിവേചനം കഴിക്കാനായി നൽകുന്ന ഭക്ഷണം വിളമ്പുന്ന പാത്രത്തിൽ നിന്നും തുടങ്ങുന്നുവെന്നാണ് ബിനീഷ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. വിവേചനം സ്റ്റീൽ പാത്രത്തിൽ തുടങ്ങുന്നുവെന്ന് ബിനീഷ് പ്രതികരിച്ചു.
എനിക്ക് സ്റ്റീൽ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്. ‘തെരി’ എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നത്. അതിന് ശേഷം എനിക്ക് സ്വന്തമായി റൂമും, ചില്ല് ഗ്ലാസിൽ ചായയും ഒക്കെ തരാൻ തുടങ്ങി ബിനീഷ് മനസുതുറന്നതിങ്ങനെ.
സ്റ്റീൽ ഗ്ലാസിൽ നിന്നാണ് സിനിമയിൽ വേർതിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവർക്ക് സ്റ്റീൽ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവർക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നത്. ബിനീഷ് ബാസ്റ്റിൻ പറയുന്നു.
നേരത്തെ നടൻ നീരജ് മാധവും സിനിമാ ലോകത്തെ വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സ്റ്റീൽ ഗ്ലാസ് വിവേചനമായിരുന്നു നീരജും തുറന്നുകാണിച്ചത്. സിനിമാരംഗത്തെ പ്രതിഫലത്തിലുള്ള വിവേചനും ഏറെ ചർച്ചയാകുന്നുണ്ട്.