മുംബൈ: ദുരിതമനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും കൈത്താങ്ങായി എത്തിയ സുമനസ്സിനുടമയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേരെയാണ് സോനു സൂദ് സഹായിച്ചത്. എന്നാല്‍ ഈ സഹായങ്ങള്‍ എല്ലാം സോനു എത്തിച്ചത് തന്റെ വസ്തുക്കള്‍ ബാങ്കില്‍ പണയം വെച്ച് ലേണെടുത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ദേശീയ മാധ്യമങ്ങളായ ഇന്ത്യാ ടുഡെ, മണി കണ്‍ട്രോള്‍ തുടങ്ങിയവ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. 10 കോടി രൂപയാണ് സഹായങ്ങള്‍ എത്തിക്കുന്നതിനായി താരം വായ്പ എടുത്തത്. ഇതിനായി മുംബൈ ജുഹുവിലെ തന്റെ രണ്ട് കടകളും ആറ് ഫ്ലാറ്റുകളും ബാങ്കില്‍ പണയം വെച്ചിരിക്കുകയാണെന്നാണ് വിവരം.
മുംബൈയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ കൊവിഡ് ആശുപത്രി ആക്കിമാറ്റാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താരം വിട്ട് നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ കെട്ടിടങ്ങളുടെ വാടകയിനത്തില്‍ നിന്ന് ലഭിക്കുന്ന പണമാണ് സോനു ഇപ്പോള്‍ ബാങ്കില്‍ തിരിച്ചടയ്ക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ട തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയും ഭക്ഷണം എത്തിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായങ്ങള്‍ എത്തിച്ചും സോനു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിഥി തൊഴിലാളികളെ വീടുകളിലെത്തിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് സോനു സൂദ് പറഞ്ഞത്.
ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം അതിഥി തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അതെന്നുമായിരുന്നു സോനു സൂദിന്റെ മറുപടി. നമ്മുടെ വീടുകള്‍ കെട്ടിടങ്ങള്‍ എല്ലാം അവര്‍ പണിയുന്നു. അവരുടെ വീടും കുടുംബവും വിട്ട് അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി അധ്വാനിക്കുന്നു. ഇത്തരമൊരു സമയത്ത് നമ്മള്‍ അവരുടെ സഹായത്തിന് എത്തിയില്ലെങ്കില്‍ മനുഷ്യരാണെന്ന് പറഞ്ഞ് നടക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല’ സോനു സൂദ് പറഞ്ഞു.
Discussion about this post