ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു എന്നതിൽ ലജ്ജിക്കുന്നു; വെറുപ്പു മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിപ്പോയി; വിമർശിച്ചതോടെ വാമികയെ ബ്ലോക്ക് ചെയ്ത് കങ്കണ

wamiqa gabbi | entertainment news

കർഷക സമരത്തെ പോലും അവഹേളിച്ച് പ്രസ്താവനകളിറക്കുന്ന ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരേ കടുത്ത വിമർശനവുമായി പഞ്ചാബി താരം താരം വാമിഖ ഖബി. ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു താൻ ലജ്ജിക്കുന്നുവെന്നും വെറുപ്പു മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നുവെന്നും വാമിക ട്വീറ്റ് ചെയ്തു.

കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ ഷഹീൻബാഗ് ദാദിയായ ബിൽകിസ് ബാനുവെന്ന് ചിത്രീകരിച്ച സംഭവത്തിലാണ് വാമിക കങ്കണയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. മലയാള ചിത്രം ഗോദ, നയൻ തുടങ്ങിയവയിലൂടെ മലയാളികൾക്കും സുപരിചിതയാണ് വമിക.

നേരത്തെ, മൊഹീന്ദർ കൗർ എന്ന വയോധികയെയാണ് കങ്കണ ബിൽകിസ് ബാനുവാക്കി ചിത്രീകരിച്ചത്. 100 രൂപയ്ക്ക് വിളിച്ചാൽ ഇവർ സമരം നടത്താൻ ലഭിക്കുമെന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.

‘ഒരിക്കൽ ഇവരുടെ ആരാധികയായിരുന്നു. എന്നാൽ ഇവരെ ഞാൻ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോർത്ത് ഇപ്പോൾ ലജ്ജ തോന്നുന്നു. ഹിന്ദു എന്നതിന്റെ അർത്ഥം തന്നെ സ്‌നേഹം എന്നതാണ്. ഒരു പക്ഷേ, രാവണൻ ശരീരത്തിൽ കയറിയാൽ മനുഷ്യർ ഇങ്ങനെയൊക്കെ ആകുമായിരിക്കും. ഇത്രയധികം കോപവും വെറുപ്പും… വെറുപ്പു മാത്രം നിറഞ്ഞൊരു സ്ത്രീയായി താങ്കൾ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നു!’-വാമിക ട്വീറ്റ് ചെയ്തു.

വാമികയുടെ ട്വീറ്റിന് പിന്നാലെ താരത്തെ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. ‘അവരെന്നെ ബ്ലോക്ക് ചെയ്തതിൽ ഏറെ സന്തോഷം. അവരുടെ മുൻ ട്വീറ്റുകളിൽ സ്ത്രീകളോട് മറുപടി നൽകിയത് പോലെ എന്നോടും പറഞ്ഞിരുന്നുവെങ്കിൽ എന്റെ ഹൃദയം തകർന്നേനെ ..ദൈവം നിങ്ങളുടെ ഹൃദയത്തിൽ സ്‌നേഹം നിറയ്ക്കട്ടെ’.-വാമിക കുറിച്ചു.

Exit mobile version