തൃശ്ശൂര്‍: ഗൃഹലക്ഷ്മി ദ്വൈവാരികയുടെ ഈ ലക്കത്തില്‍ മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നടി കനി കുസൃതിയാണ്. എന്നാല്‍ തന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ ഗൃഹലക്ഷ്മി ‘മിനുക്കുപണി’ നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയിക്കുകയാണ് കനി കുസൃതി ഇപ്പോള്‍.
രോമമുള്ള കൈയും എന്റെ യഥാര്‍ത്ഥ നിറവും എവിടെയെന്ന് നടി ചോദിക്കുന്നു. ഈ ലക്കത്തിന്റെ കവര്‍ പേജ് ഇന്‍സ്റ്റ സ്റ്റോറിയാക്കിക്കൊണ്ടായിരുന്നു കനിയുടെ പ്രതികരണം. എന്റെ സ്കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നു. ഷൂട്ടിന് മുന്‍പ് തന്നെ ഇക്കാര്യത്തിലുള്ള എന്റെ നിലപാട് ചര്‍ച്ച ചെയ്തതാണെന്ന് നടി പറയുന്നു.
കുറഞ്ഞത് ഈ ഫോട്ടോയെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. കവറിലെ ഫോട്ടോ മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ടാണ് – നടി ചോദിക്കുന്നു. താന്‍ എങ്ങനെയാണോ അതേ രീതിയില്‍ തന്നെ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നാണ് കനി ചൂണ്ടിക്കാട്ടുന്നത്.
ഇക്കാര്യം ഷൂട്ടിന് മുന്‍പേ വ്യക്തമാക്കിയതാണെന്നും നടി വ്യക്തമാക്കുന്നു. ‘മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക’ എന്ന തലക്കെട്ടിലാണ് കനിയുടെ അഭിമുഖം. അത്തരമൊരു തലക്കെട്ടിലുള്ള അഭിമുഖം ഉള്‍പ്പെടുത്തിയ ലക്കത്തിന്റെ കവറിലാണ് ഗൃഹലക്ഷ്മി കൃത്രിമമായി മിനുക്കുപണികള്‍ നടത്തിയത്.
Discussion about this post