കൊച്ചി: ഒരുപാട് ആരാധകരുള്ള താരദമ്പതിമാരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
പൂര്‍ണഗര്‍ഭിണിയായ അനുഷ്‌ക കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച യോഗചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അനുഷ്‌കയ്ക്ക് സഹായത്തിന് വിരാടും ഒപ്പമുണ്ടായിരുന്നു. ഗര്‍ഭിണിയായ അനുഷ്‌കയെ തല കീഴായി നിര്‍ത്തിയിരിക്കുന്ന ചിത്രത്തിന് പോസിറ്റീവും നെഗറ്റീവുമായി നിരവധി പ്രതികരണങ്ങളും ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഡോ സുല്‍ഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഡോ സുല്‍ഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
പ്രിയപ്പെട്ട കോഹ്ലി
ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റു പലരെയും പോലെ, ഞാനും, ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. ഈ ഷോര്‍ട്ട് വളരെ ക്രൂരമായിപ്പോയി. ഭാര്യയോട് മാത്രമല്ല കുട്ടിയോടും.
ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം. കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാധ്യത. എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു.