സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ സംവിധായകൻ അലി അക്ബറിന്റെ ‘1921’ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തുടങ്ങിയേക്കുമെന്ന് സൂചനകൾ. മലബാർ കലാപത്തിന് പിന്നിലെ ശരിയായ ചരിത്രം രേഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് സംഘപരിവാർ അനുകൂലികളുടെ സഹായത്തോടെയാണ് ചിത്രം ഒരുക്കുന്നത്.
ഇതിനായി ‘മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിങ് വഴിയാണ് അലി അക്ബർ സിനിമ ഒരുക്കുന്നത്. ചിത്രീകരണത്തിനായുള്ള മുന്നൊരുക്കങ്ങൾ തയ്യാറായി വരികയാണ് എന്ന് സംവിധായകൻ മുമ്പ് അറിയിച്ചിരുന്നു. തിരക്കഥാ രചന അവസാനഘട്ടത്തിലാണെന്നും ഓലകൾ മെടയാൻ നൽകിയെന്നുമൊക്കെയാണ് മുമ്പ് അറിയിച്ചിരുന്നത്.
ഒടുവിൽ ഇപ്പോഴിതാ തിരക്കഥ എഴുതി പൂർത്തിയാക്കി എന്നാണ് സംവിധായകൻ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മൂകാംബികാ ക്ഷേത്രത്തിൽ ‘1921’ സിനിമയുടെ തിരക്കഥ സമർപ്പിക്കുന്ന ചിത്രങ്ങൾ സംവിധായകൻ അലി അക്ബർ പുറത്തുവിട്ടു.
‘മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥാ സമർപ്പണം, അമ്മയുടെ തൃപ്പാദങ്ങളിൽ… അനുഗ്രഹത്തിനായി ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ കുറിച്ചു.
നേരത്തെ, വാരിയൻകുന്നൻ എന്ന പേരിൽ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചതോടെയാണ് അലി അക്ബർ പ്രകോപിതനായതും ‘1921’ ചിത്രം പ്രഖ്യാപിച്ചതും.
Discussion about this post