മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിമിക്രി കലാകാരനും നടനുമായിരുന്ന അബി വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് മൂന്നു വർഷം. കലാപ്രേമികളെ ഞെട്ടിച്ചുകൊണ്ട് 2017 നവംബർ മൂന്നിനായിരുന്നു അബിയുടെ അകാലത്തിലുള്ള വിയോഗ വാർത്ത മലയാളികളെ തേടിയെത്തിയത്.
അബിയുടെ ഓർമ്മദിനത്തിൽ മകനും സിനിമാതാരവുമായ ഷെയ്ൻനിഗം വ്യത്യസ്തമായ ഓർമ്മക്കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. തനിക്ക് പുരസ്‌കാരം സമ്മാനിക്കുന്ന പിതാവിന്റെ ചിത്രവും ഒപ്പം ഹൃദയം തൊടുന്ന കുറിപ്പും ഷെയ്ൻ പങ്കുവെച്ചിരിക്കുന്നു. ‘ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓർമ്മദിനമാണ്. ഒരാൾക്ക് സമ്മാനിക്കാവുന്ന ഏറ്റവും മഹത്തരമായ സമ്മാനം എന്റെ പിതാവ് എനിക്ക് നൽകി. അദ്ദേഹം എന്നിൽ വിശ്വസിച്ചു.’- ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. My father gave me the greatest gift anyone could ever give another person….
Posted by Shane Nigam on Sunday, 29 November 2020
കൂടാതെ താൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ടെന്ന് ഷെയിൻ നിഗം പറയുന്നു.’വാപ്പിച്ചി ആദ്യമായി ഒരു വാക്ക് പോലും സംസാരിക്കാതെ സ്റ്റേജ് വിട്ട് ഇറങ്ങി എന്ന പ്രത്യേകത’.
രക്തസംബന്ധമായ അസുഖത്തെ തുടർന്ന് അബി വിട വാങ്ങിയിട്ട് മൂന്നു വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹം ഇനിയില്ലെന്ന വാർത്ത ഉൾക്കൊള്ളാൻ മിമിക്രി കലാലോകത്തിന് ഇന്നും പ്രയാസമാണ്. കാസറ്റുകളിലൂടെ മിമിക്രിയെ ജനകീയമാക്കുന്നതിൽ അബി നൽകിയ സംഭാവന അവിസ്മരണീയമാണ്.
പാത്തുമ്മ താത്ത എന്ന കഥാപാത്രമായിരുന്നു മിമിക്രി ലോകത്ത് അബിയെ ഏറെ വ്യത്യസ്തനാക്കിയത്. ശബ്ദാനുകരണം എന്നതിനുമപ്പുറം മിമിക്രിയെ ഏറെ മികവിലേക്കും വ്യത്യസ്തതയിലേക്കും ഉയർത്തിയ കലാകാരനായിരുന്നു അബി.
1991ൽ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ഹബീബ് മുഹമ്മദ് എന്ന അബി, കാസർഗോഡ് കാദർഭായ്, സൈന്യം, വാർദ്ധക്യപുരാണം, മഴവിൽക്കൂടാരം, ജയിംസ് ബോണ്ട്, രസികൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സിനിമാലോകത്തു നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു.
വീണ്ടും സിനിമയിലും കലാലോകത്തും സജീവമാകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. തിരിച്ചുവരവിൽ ചെയ്ത ഒമർ ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലെ ‘ഹാപ്പി’ എന്ന പോലീസുകാരന്റെ വേഷം ഏറെ പ്രേഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘തൃശ്ശിവപേരൂർ ക്ലിപ്തം’ എന്ന ചിത്രമായിരുന്നു അവസാനമായി ചെയ്തത്.
Discussion about this post