വീണ്ടും ഗായികയായി മഞ്ജു; ജാക്ക് ആന്‍ഡ് ജില്ലിലെ ‘കാന്താ കാതോര്‍ത്തു നില്‍പു ഞാന്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

jack and jill | bignewslive

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍-ലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മഞ്ജു വീണ്ടും ഗായികയാകുന്നു എന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ‘കാന്താ കാതൊര്‍ത്തു നില്‍പു ഞാന്‍’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രാം സുരേന്ദര്‍ ആണ്. ബികെ ഹരിനാരായണന്റെതാണ് വരികള്‍. കാന്താ തൂകുന്നു തൂമണം എന്ന നാടകഗാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗാനം എഴുതിയിരിക്കുന്നത്.

സൗബിന്‍ ഷാഹിറിന്റെ സംഭാഷണത്തിന്റെ തുടര്‍ച്ചയിലാണ് ഗാനം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കും സൗബിനുമൊപ്പം കാളിദാസ് ജയറാമും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സന്തോഷ് ശിവനും അജില്‍ എസ്.എമ്മും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം അമിത് മോഹന്‍ രാജേശ്വരി, സുരേഷ് കുമാര്‍ രവീന്ദ്രന്‍, വിജേഷ് തോട്ടിങ്കല്‍.

ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ജാക്ക് ആന്‍ഡ് ജില്‍.നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ എന്നിവരും ചിത്രത്തിലുണ്ട്.

സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണം. രാംസുന്ദറിനെ കൂടാതെ ഗോപിസുന്ദര്‍, ജേക്‌സ് ബിജോയ് എന്നിവരും ചിത്രത്തിന് ഈണമൊരുക്കുന്നു. ജേക്‌സ് ബിജോയി ആണ് പശ്ചാത്തല സംഗീതം. രഞ്ജിത് ടച്ച് റിവറാണ് എഡിറ്റര്‍. സമീറാ സനീഷ് വസ്ത്രാലങ്കാരം. അജയന്‍ ചാലിശേരി പ്രൊഡക്ഷന്‍ ഡിസൈന്‍. ഗോകുലം ഗോപാലനും സന്തോഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version