മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലികള്‍; പിന്നാലെ ട്രോള്‍മഴയും, ക്രൂരമായ തമാശയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദരാഞ്ജലികളും ട്രോളുകളും നിറഞ്ഞിരുന്നു.

പേരുകൊണ്ട് സാമ്യമുള്ളതിനാല്‍ ട്രോളന്മാര്‍ മറഡോണയുടെ മരണം മഡോണയുമായി ബന്ധപ്പെടുത്തുകയായിരുന്നു. എണ്ണമറ്റ ഈ കമന്റുകള്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ നിറയുകയുമായിരുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസുകളായി മഡോണയുടെ ഫോട്ടോ ഷെയര്‍ ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഈ ക്രൂരമായ തമാശയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പ്രതിഷേധവും ശക്തമാകുന്നുണ്ട്. നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ സിനിമാതാരം മഡോണ സെബാസ്റ്റിയന്‍ പ്രതികരിച്ചിട്ടില്ല.

മറഡോണ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം നവംബര്‍ 11- നാണ് മറഡോണ ആശുപത്രി വിട്ടത്.

Exit mobile version