ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു റാണ ദഗ്ഗുബാട്ടി. താരത്തിന്റെ പൽവാൾ ദേവനെന്ന കഥാപാത്രത്തിന് നിരവധി ആരാധകരാണുള്ളത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ ജ്വലിച്ചുയർന്ന താരമായി മാറിയെങ്കിലും ഇടയ്ക്ക് റാണയെ സിനിമാ ലോകത്ത് കണ്ടിരുന്നില്ല. അന്ന് എല്ലാവരും അന്വേഷിച്ചിരുന്ന കാര്യമായിരുന്നു റാണ എവിടെ അപ്രത്യക്ഷനായി പോയിയെന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളാൽ വിദേശത്ത് ചികിത്സയിലാണ് താരമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിനിടെയാണ് തന്റെ ആരോഗ്യത്തെ കുറിച്ച് ഉയർന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി റാണ തന്നെ രംഗത്തെത്തിയിരിക്കുന്നത്. സാമന്ത അവതാരകയായി എത്തുന്ന സാം ജാം എന്ന ടോക്ക് ഷോയിലാണ് താരം കണ്ണീരോടെ തന്റെ ഗുരുതരമായ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞത്. സംവിധായകൻ നാഗ അശ്വിനൊപ്പമാണ് റാണ പരിപാടിയിൽ പങ്കെടുത്തത്.
ജീവിതം അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് നിന്നു പോയെന്ന് റാണ പറയുന്നു. വൃക്കകൾ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്‌നങ്ങൾ, ബിപി സ്‌ട്രോക്ക് വരാൻ 70 ശതമാനം സാധ്യതയും 30ശതമാനം വരെ മരണ സാധ്യതയുമുണ്ടായിരുന്നു എന്നാണ് റാണ പറഞ്ഞത്. വാക്കുകൾ ഇടറി ഏറെ വികാരധീനനായ താരം കണ്ണീരണിഞ്ഞാണ് തന്റെ അസുഖത്തെക്കുറിച്ച് പറഞ്ഞത്.
അതേസമയം, ‘ചുറ്റുമുളള ആളുകൾ തകർന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചുനിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് നിങ്ങൾ എനിക്ക് സൂപ്പർഹീറോ ആകുന്നത്.’- അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് സാമന്ത പറഞ്ഞതിങ്ങനെ.
അടുത്തിടെയാണ് റാണ വിവാഹിതനായത്. അടുത്ത സുഹൃത്തായ മിഹിക ബജാജിനെയാണ് താരം വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Discussion about this post