‘പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുക’; സംവിധായകന്‍ ഓം റൗട്ട്

പ്രഭാസിനെ നായകനാക്കി രാമ രാവണ യുദ്ധം പാശ്ചത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുക എന്നാണ് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞത്. 2022 ഓഗസ്റ്റ് 11 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.


ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് രാവണനെ അവതരിപ്പിക്കുന്നത്. ‘ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരന്‍ ഉണ്ടായിരുന്നു’ എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ ഓം റൗട്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ അഭിനയിച്ചിരുന്നു. ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞിരുന്നു.


അതേസമയം ചിത്രത്തില്‍ സീതയുടെ വേഷത്തില്‍ ഏത് നായികയാണ് എത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും.

Exit mobile version