‘ജയലളിതയ്ക്ക് ഒരു മുഖവും ശശികലയ്ക്ക് രണ്ട് മുഖവും പളനിസ്വാമിക്ക് മൂന്ന് മുഖവുമുണ്ട്, അത് ഫെബ്രുവരിയില്‍ ജനമറിയും’; പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

director ram gopal varma

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെ സംവിധായകന്‍ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

‘ശശികല’ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ചിത്രം റിലീസ് ചെയ്യുമെന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ പ്രഖ്യാപനം. ‘എസ് എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന സ്ത്രീയും ഇ എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന പുരുഷനും ഒരു ജനപ്രതിനിധിയോട് എന്താണ് ചെയ്തത് എന്നാണ് ഈ സിനിമ പറയുന്നത്’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.


ജയലളിതയ്ക്ക് ഒരു മുഖവും ശശികലയ്ക്ക് രണ്ട് മുഖവും പളനിസ്വാമിക്ക് മൂന്ന് മുഖവും ഉണ്ടെന്നും അത് ഫെബ്രുവരിയില്‍ ജനമറിയുമെന്നുമാണ് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചത്. അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ് എന്ന തമിഴ് പഴഞ്ചൊല്ലും അദ്ദേഹം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ‘തലൈവി’ എന്ന ചിത്രത്തില്‍ ശശികലയെ കുറിച്ച് കാര്യമായ രീതിയില്‍ പരാമര്‍ശിക്കുന്നില്ലെന്നും അതുകൊണ്ടാണ് താന്‍ ഇത്തരത്തിലൊരു ചിത്രം എടുക്കുന്നതെന്നും തലൈവി പുറത്തിറങ്ങുന്ന ദിവസം തന്നെ തന്റെ ചിത്രവും പുറത്തിറങ്ങുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Exit mobile version