കൊച്ചി: ഇന്നസെന്റിനെയും ഇടവേള ബാബുവിനെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ വീണ്ടും രംഗത്ത്. വേട്ടക്കാരെപ്പോലെ പ്രവര്‍ത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയില്‍ സ്ത്രീകളായ അംഗങ്ങള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് ഷമ്മി തിലകന്‍ തുറന്നടിച്ചു.
നടി പാര്‍വതിയുടെ രാജി സ്വീകരിക്കുകയും ആക്രമിയ്ക്കപ്പെട്ട നടിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടി സ്വീകരിക്കാത്ത താര സംഘടനയായ അമ്മയുടെ നടപടിയ്ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയതായിരുന്നു ഷമ്മി തിലകന്‍.
ഇടവേള ബാബുവിനെയും ഇന്നസെന്റിനെയും മറ്റു ചിലരെയും സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. മറ്റു ചില അംഗങ്ങള്‍ ആരൊക്കെയാണെന്ന് സംഘടനയ്ക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പാര്‍വതി രാജിവെച്ചപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു കത്ത് സംഘടനയ്ക്കു നല്‍കിയിരുന്നു.
ആ കത്തില്‍ സംഘടനയിലെ വേട്ടക്കാര്‍ ആരൊക്കെയാണെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. സംഘടനയില്‍ നിന്നും രാജിവെയ്ക്കാതെ ആര്‍ജവത്തോടെ തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് പാര്‍വതി പോരാടുകയായിരുന്നു വേണ്ടത്.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു ഇരിയ്ക്കുവാന്‍ യോഗ്യനാണോയെന്നു സ്വയം ചിന്തിയ്ക്കണമെന്നും ഷമ്മി തിലകന്‍ ഒരു മാധ്യമത്തോടായി പറഞ്ഞു.
കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികള്‍ മോഹന്‍ലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നത് എന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post