പ്രമുഖ നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവയുടെ വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തല്‍. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രഭുദേവയുടെ വിവാഹം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. പ്രഭുദേവ രണ്ടാമതും വിവാഹിതനാകാന്‍ പോവുകയാണെന്നും സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നുമുള്ള വാര്‍ത്തകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ പരന്നത്.
എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും പ്രഭുദേവയുടെ വിവാഹം കഴിഞ്ഞുവെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റുമായി സെപ്തംബറില്‍ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും സെപ്തംബറില്‍ വിവാഹിതരാകുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ഇതിനോട് പ്രഭുദേവയോ താരത്തിന്റെ മാനേജറോ പ്രതികരിച്ചിട്ടില്ല. പ്രഭുദേവയുടെ വിവാഹമോചനവും പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം നേരത്തെ വാര്‍ത്തയായതാണ്. റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്.
Discussion about this post