ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായി എത്തിയ സൂരറൈ പൊട്ര് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയയിരിക്കുന്നത്. അതുപോലെ തന്നെ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ഉര്‍വശിയും അപര്‍ണ ബാലമുരളിയും കാഴ്ചവെച്ചത്. അതുപോലെ തന്നെ ചിത്രത്തിലെ ഇമോഷണല്‍ സീനും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായ ഒന്നാണ്. അച്ഛന്റെ മരണ ശേഷമുള്ള ആ ഇമോഷണല്‍ സീന്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് സംവിധായിക സുധ കൊങ്കര പറഞ്ഞത്.
‘ആ രംഗം മുഴുവനായും രണ്ടു തവണ ഷൂട്ട് ചെയ്തു. ഉര്‍വശി മാഡത്തിന്റെ ഭാഗങ്ങള്‍ രണ്ടു ക്യാമറ വച്ചാണ് പകര്‍ത്തിയത്. സൂര്യയുടേതിന് അതു സാധ്യമായിരുന്നില്ല. അതാണ് രണ്ടു തവണ ആ രംഗം ഷൂട്ട് ചെയ്യേണ്ടി വന്നത്. ചിലര്‍ക്ക് ആ രംഗം ഒരുപാട് ഇഷ്ടപ്പെട്ടു. ആ രംഗത്തിന് ദൈര്‍ഘ്യം കൂടുതലാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആ രംഗത്തില്‍ കത്തി വയ്ക്കാന്‍ എനിക്കൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. എന്തൊരു റിയല്‍ ആയാണ് സൂര്യയും ഉര്‍വശിയും അതു ചെയ്തത്. ആ ഭാഗം കുറച്ചു കട്ട് ചെയ്യാന്‍ പലരും പറഞ്ഞു. എന്നാല്‍ തനിക്ക് അത് അങ്ങനെ തന്നെ വേണമായിരുന്നു. അതിനാല്‍, ചെറുതായി ട്രിം ചെയ്യുക മാത്രമാണ് ചെയ്തത്. ഓരോ തവണ ആ രംഗം കാണുമ്പോഴും താന്‍ കരയുകയായിരുന്നു’ എന്നാണ് സുധ കൊങ്കര ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.
ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്‌സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post