ഒടിടി റിലീസ് ആയതിന് പിന്നാലെ ആരാധകർ ഏറ്റെടുത്ത് ആഘോഷിക്കുന്ന സൂര്യയുടെ സൂരറൈ പോട്ര് ചിത്രത്തിനെ വിമർശിച്ച് പണി വാങ്ങിയിരിക്കുകയാണ് ‘മല്ലു അനലിസ്റ്റ്’ എന്ന പ്രശസ്ത യൂട്യൂബർ. സിനിമയെ വിമർശിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ചൂടേറിയ ചർച്ചയായിരിക്കുകയാണ്.
ചിത്രത്തിന്റെ കഥാഗതിയും ചില സന്ദർഭങ്ങളും നാടകീയതയ്ക്കായി മനഃപൂർവ്വം കുത്തി കയറ്റിയതാണെന്നും പ്രവചനാത്മകമാണ് ചില രംഗങ്ങളെന്നും വിവേക് എന്ന മല്ലു അനലിസ്റ്റ് വിമർശിക്കുന്നു.
പുതുമയില്ല, പ്രവചിക്കാവുന്നതാണ്, ക്ലീഷേ രംഗങ്ങൾ നിറഞ്ഞതാണ് എന്നൊക്കെയുള്ള വിവേകിന്റെ വിമർശനം ദഹിക്കാത്ത സിനിമയുടെ ആരാധകർ വീഡിയോയ്ക്ക് ഡിസ് ലൈക്കും വിവേകിനെതിരെ ഹേറ്റ് ക്യാംപെയ്‌നും ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളിൽ ആരാണീ മല്ലു അനലിസ്റ്റ്? ഇദ്ദേഹം വിമർശനത്തിന് അതീതനാണോ എന്നൊക്കെയുള്ള തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. വിവേകിനെ അനുകൂലിച്ച് ചിലർ രംഗത്തെത്തുകയും ചെയ്തതോടെ ചർച്ച കൊഴുക്കുകയാണ്.
വിവേക് വിമർശിച്ചതുപോലെ മോശം പറയാൻ മാത്രം സിനിമയിൽ ഒന്നുമില്ലെന്നും പ്രശസ്തി പിടിച്ചുപറ്റാനായും വിമർശിക്കാനായി മാത്രം വിമർശനം ഉന്നയിക്കുകയാണെന്നും യുവാവിനെ ചിലർ കുറ്റപ്പെടുത്തുന്നു.
നായകൻ മരണക്കിടക്കയിൽ കിടക്കുന്ന അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ പോകുന്നതും, അതിന് വേണ്ടിയുള്ള പണം തികയാതെ വരുമ്പോൾ എയർപോർട്ടിലുള്ള മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നത് ഇമോഷണൽ ഡ്രാമയായി മാത്രമേ കാണാനാകൂ എന്നും വിവേക് വിമർശിക്കുന്നു. അച്ഛന്റെ അന്ത്യ കർമങ്ങൾ എല്ലാം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞു വീട്ടിൽ എത്തിയ മകനോട് അമ്മയുടെ പെരുമാറ്റവും വളരെ മുൻകൂട്ടിക്കാണാനാവുന്നത് ആണെന്നും യുവാവ് വീഡിയോയിൽ പറഞ്ഞിരുന്നു.
ഇതിനിടെ, മുമ്പത്തെ പല വീഡിയോയിലും വിവേക് നടത്തിയ സാമൂഹിക വിമർശനം ഇഷ്ടപ്പെടാത്തവർ മനഃപൂർവ്വം ഒരു അവസരം കിട്ടിയപ്പോൾ ഹേറ്റ് ക്യാംപെയിൻ നടത്തുകയാണെന്നും വിമർശനം ഉയരുന്നു.
Discussion about this post