വെള്ളിത്തിരയില്‍ പൗരുഷഭാവങ്ങളുടെ കോളിളക്കം സൃഷ്ടിച്ച ജയന്‍ എന്ന അതുല്യനടന്‍ നമ്മളോട് വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് പതിറ്റാണ്ട് തികയുകയാണ്. 1980 നവംബര്‍ 16ന് കേവലം 41 ാം വയസ്സിലാണ് ആ അതുല്യപ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ 150ല്‍ പരം മലയാള ചിത്രങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഈ ലോകത്ത് നിന്നും മടങ്ങിയത്.
1980 നവംബര്‍ 16ന് ‘കോളിളക്കം’ എന്ന ചിത്രത്തിന് വേണ്ടി ചെന്നൈ നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ഷോളവാരത്തു ഹെലികോപ്റ്റര്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ജയന്റെ ആകസ്മിക മരണം.
1974ല്‍ ജേസി സംവിധാനം നിര്‍വഹിച്ച ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണന്‍ നായരെന്ന ജയന്‍ വെള്ളിത്തിരയിലെത്തുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ജോസ് പ്രകാശ് ആണ് കൃഷ്ണന്‍ നായര്‍ക്ക് ജയന്‍ എന്ന പേര് നല്‍കിയത്.’പഞ്ചമി’യിലെ വില്ലന്‍ കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
‘ശരപഞ്ജരത്തിലെ’ കഥാപാത്രത്തിലൂടെ പൗരുഷം തുളുമ്പുന്ന റോളുകളുടെ മുഖമായി ജയന്‍ മാറി. 1979 പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സോഫീസ് റെക്കോഡുകള്‍ ഭേദിച്ചു. ഈ ട്രെന്‍ഡ് പിടിച്ചുകൊണ്ടാണ് തൊട്ടടുത്തവര്‍ഷം ‘അങ്ങാടി’ പുറത്തിറങ്ങിയത്. ഒരുകാലത്ത് ജയന്റെ ബെല്‍ബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയര്‍ സ്‌റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഫാഷന്റെ അവസാന വാക്കായിരുന്നു. അദ്ദേഹം വിടപറഞ്ഞിട്ട് നാല്പത് വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികള്‍ക്ക് അദ്ദേഹത്തിനോടുള്ള ആരാധനയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.