വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പന്‍ എത്തുന്നു. ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് സൂരജ് ടോമും നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് എന്ന ബാനറില്‍ ഒരു കോമഡി ബേസ്ഡ് ഹൊറര്‍ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്.
ഉണ്ണിക്കണ്ണന് എന്ന ഹോം നഴ്സ് ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന് ചിത്രത്തില്‍ വേഷമിടുന്നത്. ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തിന് വേണ്ടി വികൃതി, പാ.വ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആര്‍ട്ടിസ്റ്റുമായ അജീഷ് പി തോമസ് ഒരുക്കിയ ടൈറ്റില്‍ അനിമേഷന്‍ ശ്രദ്ധേയമാവുകയാണ്.
നവംബര്‍ 23ന് തൊടുപുഴയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന എവര്‍ഗ്രീന്‍ സോംഗ് ഒരുക്കിയ സംഗീത സംവിധായകന് ആനന്ദ് മധുസൂദനന് ആദ്യമായി ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റേതാണ്. ഗാനരചന ഹരി നാരായണന്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Discussion about this post