തനിക്കെതിരെയുളള പീഡന പരാതിയില്‍ പ്രതികരിച്ച് ബോളിവുഡ് താരം വിജയ് രാസ്. അന്വേഷണത്തിന് മുമ്പുതന്നെ കുറ്റക്കാരനാണെന്ന് വിധി എഴുതുകയാണെന്നും പരാതിയുടെ പേരില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കുന്നുവെന്നും വിജയ് രാസ്. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ പറഞ്ഞത്.
’21 വയസ്സുള്ള മകള്‍ എനിക്കുണ്ട്. സ്ത്രീ സുരക്ഷയില്‍ എല്ലാവരേയും പോലെ ഞാനും ആശങ്കപ്പെടുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകും മുമ്പ്, സത്യാവസ്ഥ പുറത്തു വരും മുമ്പ് എന്നെ കുറ്റക്കാരനാക്കുന്നു. ഈ കാര്യം പറഞ്ഞ് വരാനിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കുന്നു. കരാര്‍ ഒപ്പുവെച്ച ചിത്രങ്ങളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത് മാനസികമായി എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 23 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമ വളരെ അപകടകരമായ സ്ഥലം തന്നെ. തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുത്’ എന്നാണ് വിജയ് രാസ് പറഞ്ഞത്.
സഹപ്രവര്‍ത്തക നല്‍കിയ ലൈംഗികപീഡന പരാതിയില്‍ വിജയ് രാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം നടന്നത്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതി വിജയ് പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്.