‘വലിയ രീതിയിലുള്ള ഭാവന ചിത്രത്തില്‍ ഉണ്ട്, എന്നാല്‍ ഓര്‍മ്മകളെ തിരികെ തന്ന പല കുടുംബ രംഗങ്ങളിലും ചിരിയും കരച്ചിലുമടക്കാനായില്ല’; ‘സൂരറൈ പൊട്രി’നെ കുറിച്ച് ജിആര്‍ ഗോപിനാഥ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരറൈ പൊട്ര്’. ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് സൂര്യ നടത്തിയിരിക്കുന്നത് എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. എയര്‍ ഡെക്കാണ്‍ സ്ഥാപകനായ ജിആര്‍ ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്‌ളൈ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സുധ കൊങ്കര ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് പ്രതികരിച്ചിരിക്കുകയാണ് ജിആര്‍ ഗോപിനാഥ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘വലിയ രീതിയിലുള്ള ഭാവന ചിത്രത്തില്‍ ഉണ്ട്. എങ്കിലും എന്റെ പുസ്തകത്തിലെ കഥയുടെ യഥാര്‍ത്ഥ സത്ത ചോര്‍ന്നുപോകാതെയാണ് ചിത്രം എടുത്തിരിക്കുന്നത്. ഒരു യഥാര്‍ത്ഥ റോളര്‍ കോസ്റ്ററാണ് ഈ ചിത്രം. ഓര്‍മ്മകളെ മടക്കിത്തന്ന പല കുടുംബ രംഗങ്ങളിലും എനിക്ക് ചിരിയും കരച്ചിലുമടക്കാനായില്ല. നാടകീയമായാണ് അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും മുന്നിലുള്ള എല്ലാ തടസ്സങ്ങളും തട്ടിമാറ്റി ഗ്രാമീണനായ ഒരു വ്യക്തി തന്റെ സംരംഭം ആരംഭിക്കാന്‍ നടത്തുന്ന പോരാട്ടവും പ്രതീക്ഷയും അതേ സ്പിരിറ്റില്‍ അവതരിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.


എന്റെ ഭാര്യ ഭാര്‍ഗവിയുടെ വേഷത്തിലെത്തിയ അപര്‍ണ നന്നായി വന്നിട്ടുണ്ട്. മനോധൈര്യമുള്ള, സങ്കോചമോ, ഭയമോ ഇല്ലാത്ത എല്ലാ ഗ്രാമീണ സ്ത്രീകള്‍ക്കും പ്രചോദനമാകുന്ന ഒരു കഥാപാത്രമാണത്. പ്രത്യേകിച്ച് സ്വന്തം കാലില്‍ നിന്ന് തന്നെ സംരംഭകരാകാന്‍ ശ്രമിക്കുന്നവര്‍ക്ക്. ശക്തമായ വേഷമാണ് സൂര്യ ചെയ്തത്, സ്വപ്നങ്ങളെ പൂര്‍ത്തികരിക്കാന്‍ ഭ്രാന്തമായ ആവേശം കാണിക്കുന്ന സംരംഭകന്റെ ഭാഗം നന്നായി തന്നെ അദ്ദേഹം ചെയ്തു. സൂര്യ നായകനായ പുരുഷ കേന്ദ്രീകൃതമായ ഒരു കഥയില്‍ അപര്‍ണ്ണ ചെയ്ത ഭാര്യാ കഥാപാത്രത്തിലൂടെ ഹൃദയം നിറയ്ക്കുന്ന തരത്തിലും പ്രചോദനം നല്‍കുന്ന തരത്തിലും കഥയെ ബാലന്‍സ് ചെയ്തതിന് സംവിധായിക സുധയ്ക്ക് വലിയൊരു സല്യൂട്ട്’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version