കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥ വെള്ളിത്തിരയിലേക്ക്; പ്രധാന വേഷങ്ങളില്‍ പ്രിയാമണിയും സിദ്ദിഖും

കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥ വെള്ളിത്തിരയിലേക്ക്. ‘സയനൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞ ആളാണ് സയനൈഡ് മോഹന്‍. കര്‍ണാടകയിലെ മംഗളൂരുവില്‍ ബണ്ട്വാള്‍ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണ് സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങള്‍.


രാജേഷ് ടച്ച്‌റിവര്‍, കഥ,തിരക്കഥ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ പ്രിയാമണിയും സിദ്ദിഖും. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ വേഷത്തിലാണ് പ്രിയാമണി ചിത്രത്തില്‍ എത്തുന്നത്. ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കുന്ന സയനൈഡിനു വേണ്ടി തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളില്‍ പ്രിയാമണി പ്രധാന കഥാപാത്രമാകുമ്പോള്‍ ഹിന്ദിയില്‍ ആ വേഷത്തിലെത്തുന്നത് പ്രമുഖ ബോളിവുഡ് താരം യശ്പാല്‍ ശര്‍മ്മയാണ്.


മണികണ്ഠന്‍ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ചിത്തരഞ്ജന്‍ ഗിരി, തനിക്കെല ഭരണി, രാംഗോപാല്‍ ബജാജ്, ഷിജു, ശ്രീമാന്‍, സമീര്‍, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധര്‍, മുകുന്ദന്‍, റിജു ബജാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റ് സിനിമ, പ്രൈംഷോ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജന്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂര്‍, കൂര്‍ഗ്, മടിക്കേരി, കാസര്‍കോട് എന്നിവയാണ്.

Exit mobile version