മിലിന്ദ് നഗ്നനായി ഗോവയിലെ കടല്‍ത്തീരത്തു കൂടി ഓടിയപ്പോള്‍ കൈയടി, പൂനത്തിന് അറസ്റ്റും; സ്ത്രീക്കും പുരുഷനും രണ്ടു നീതിയോ എന്ന് സോഷ്യല്‍ മീഡിയ, പ്രതിഷേധം

കഴിഞ്ഞ ദിവസമാണ് ഗോവയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്തതിന് നടി പൂനം പാണ്ഡെ അറസ്റ്റിലായത്. ഇപ്പോഴിതാ താരത്തെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ഗോവയിലെ കടല്‍ത്തീരത്തു കൂടി നഗ്നയായി ഓടിയ നടന്‍ മിലിന്ദ് സോമനോടും പൂനത്തിനോടുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി തിരക്കഥാകൃത്ത് അപൂര്‍വ അസ്രാണിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

‘പൂനം പാണ്ഡെ, മിലിന്ദ് സോമന്‍, ഇരുവരും അടുത്തിടെ ഗോവയില്‍ വെച്ച് തങ്ങളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന അവസരമുണ്ടായി. പൂനം ഭാഗികമായും എന്നാല്‍ മിലിന്ദ് മുഴുവനായും. പാണ്ഡെ അശ്ലീലം ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നിയമക്കുരുക്കിലാണ്. എന്നാല്‍ 55 വയസിലും ശരീരം സംരക്ഷിക്കുന്നതിന്റ പേരില്‍ സോമന് അഭിനന്ദനമാണ്. നഗ്നയായ സ്ത്രീയേക്കാള്‍ നഗ്നനായ പുരുഷനോട് അനുകമ്പയുള്ളവരാണ് നമ്മളെന്നാണ് ഞാന്‍ കരുതുന്നത്’ എന്നാണ് അപൂര്‍വ ട്വീറ്ററില്‍ കുറിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് തന്റെ 55-ാം ജന്മദിനത്തില്‍ ഗോവയിലെ കടല്‍ത്തീരത്തു കൂടി നഗ്നയായി ഓടുന്ന ചിത്രം മിലിന്ദ് സോമന്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ താരത്തെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് നിറഞ്ഞത്. എന്നാല്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് പൂനത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരേയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായത്. സ്ത്രീക്കും പുരുഷനും രണ്ടു നീതിയോ എന്നു ചോദിച്ചാണ് ട്വിറ്ററില്‍ പ്രതിഷേധം. ഒരു സ്ത്രീയായ പൂനത്തിനെതിരെ നടപടിക്കു മുതിര്‍ന്ന അധികാരികള്‍ മിലിന്ദിനു നേരെ കണ്ണടച്ചു എന്നാണ് ആക്ഷേപം.

ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കനകോണയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചെന്ന് ആരോപിച്ച് രണ്ട് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തതിരുന്നു.

Exit mobile version