തമിഴ് താരം സിമ്പുവിനെ നൃത്തം പഠിപ്പിച്ച് നടി ശരണ്യ മോഹന്‍; ‘വിദ്യാര്‍ത്ഥി-ടീച്ചര്‍’ ചിത്രം വൈറല്‍

തമിഴ് താരം സിമ്പുവിനെ നൃത്തം പഠിപ്പിച്ച് മലയാള പ്രേക്ഷക പ്രിയങ്കരി ശരണ്യ മോഹന്‍. വിദ്യാര്‍ത്ഥി-ടീച്ചര്‍ ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു. ‘ഈശ്വരന്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് സിമ്പു നൃത്തം പഠിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടില്ല.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി ശരണ്യ. സ്വന്തമായി നൃത്ത വിദ്യാലയം തുടങ്ങി അതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇപ്പോള്‍ സിമ്പുവിനെ നൃത്തം പഠിപ്പിക്കുന്ന തിരക്കിലും. സുശീന്ദ്രനാണ് ‘ഈശ്വരന്‍’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്.

ചിത്രത്തിനുവേണ്ടി 30 കിലോ ഭാരം സിമ്പു കുറച്ചതും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലോക്ഡൗണില്‍ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് സിമ്പു ഭാരം കുറച്ചത്. സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം.

Exit mobile version