ചിലരുടെ വിചാരം അടുക്കളയെന്നത് പെണ്ണിന് മാത്രം റിസര്‍വ് ചെയ്ത് സ്ഥലമാണെന്നാണ്. അടുക്കളയിലേക്ക് കയറില്ല എന്ന് ശപഥം ചെയ്തുറപ്പിച്ച ചില ആണുങ്ങളുണ്ട്. അടുക്കള പെണ്ണിന് സ്വത്തായി എഴുതിക്കൊടുത്ത പുരുഷന്മാര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് വിഷ്ണു വിജയന്‍.
കരിക്കിന്റെ ഫാമിലി പാക്ക് എന്ന എപ്പിസോഡിനെ മുന്‍നിര്‍ത്തിയാണ് വിഷ്ണുവിന്റെ കുറിപ്പ്. അടുക്കള സ്ത്രീകള്‍ക്ക് വേണ്ടി മാത്രം റിസര്‍വ് ചെയ്തു വച്ച ഇടമാണെന്ന തെറ്റായ ബോധ്യം നമ്മുടെ ഉള്ളില്‍ വേരാഴ്ത്തുന്ന രീതിയിലാണ് ഇവിടുത്തെ പാട്രിയാര്‍ക്കി സിസ്റ്റം നിലകൊള്ളുന്നതെന്ന് വിഷ്ണു പറയുന്നു. പെണ്‍കുട്ടികള്‍ക്ക് കിച്ചന്‍ സെറ്റ് ടോയ്സ് വാങ്ങി നല്‍കുന്നയിടത്ത് നിന്ന് ആ തെറ്റിദ്ധാരണ ആരംഭിക്കുന്നുവെന്നും വിഷ്ണു കുറിക്കുന്നു.
കുറിപ്പ് വായിക്കാം;
ഞാന്‍ അടുക്കളയില്‍ ഒന്നും കയറില്ല
അതെന്താ അടുക്കളയില്‍ കയറിയാല്‍…!
എടാ ആണുങ്ങള്‍ അതിനു അടക്കളയില്‍ കയറി ജോലി ചെയ്യുമോ…!
പ്ലസ്ടു വില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞൊരു അഭിപ്രായമാണ്,
ഇതെന്താടാ ഇവന്‍ ഇങ്ങനെ പറയുന്നത് അടുക്കള ഇനി ഇവന്‍ പറയുന്നത് പോലെ അപകടം പിടിച്ച ഇടം വല്ലതുമാണോ എന്നോര്‍ത്തു..!
ഏതായാലും അടുക്കള സ്ത്രീകള്‍ക്ക് വേണ്ടി മാത്രം റിസര്‍വ് ചെയ്തു വച്ച ഇടമാണെന്ന തെറ്റായ ബോധ്യം ആ പ്രായത്തില്‍ അതിനു മുന്‍പ് തന്നെ നമ്മുടെ ഉള്ളില്‍ വേരാഴ്ത്തുന്ന രീതിയിലാണ് ഇവിടുത്തെ പാട്രിയാര്‍ക്കി സിസ്റ്റം നിലകൊള്ളുന്നത്. പെണ്‍കുട്ടികള്‍ക്ക് കിച്ചന്‍ സെറ്റ് ടോയ്സ് വാങ്ങി നല്‍കുന്നയിടത്ത് നിന്ന് അത് ആരംഭിക്കുന്നു.
അതുകൊണ്ട് തന്നെ ഇന്നും അതിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.
ഇതൊന്നും പോരാഞ്ഞ് മറ്റൊരു കൂട്ടരുണ്ട്.
ഇടയ്ക്കിടെ ട്രോളുകളുടെ രൂപത്തില്‍ പോലും അവരില്‍ നിന്ന് ഉള്ളിലെ ചിന്താഗതി പൊട്ടി ഒലിക്കാറുണ്ട്,
കൂടത്തായി വിഷയം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഓടിയ ട്രോളുകളുടെ ശൈലി ഇങ്ങനെയാണ്, ഭാര്യയെ തയ്യാറാക്കിയ ഭക്ഷണം അവരെ കൊണ്ട് തന്നെ ആദ്യം കഴിപ്പിക്കണമെന്ന്.
എന്നാലും നമ്മള്‍ സ്വന്തമായി ഭക്ഷണം തയ്യാറാക്കാനില്ല കെട്ടോ.
ലോക്ക് ഡൗണ്‍ സമയത്ത് ആളുകള്‍ (ആണുങ്ങള്‍) വീട്ടില്‍ ഇരിക്കുമ്പോള്‍ പലരും അടുക്കളയിലേക്ക് ഒന്നും വഴിതെറ്റി പോലും കടക്കാന്‍ ഇടയില്ലെങ്കിലും വീട്ടിലിരിക്കുന്ന വേളയില്‍ ഭാര്യമാരെ സഹിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പതിവിലും ആക്ടീവ് ആയി വെറൈറ്റി ട്രോളുകള്‍ തയ്യാറാക്കുന്ന കാര്യത്തില്‍ ഒട്ടും മറന്നില്ല.
നേരത്തിനു നേരം ഭക്ഷണം ഒക്കെ കഴിച്ച് തിന്നത് എല്ലിനിടയില്‍ കുത്തുമ്പോള്‍ നമ്മള്‍ ആണുങ്ങള്‍ക്ക് മുറതെറ്റാതെ നടത്താന്‍ കഴിയുന്ന ഉളുപ്പില്ലായ്മയാണ്.
അടുക്കള എന്നത് ഒരു വിഭാഗത്തെ മാത്രം ആജീവനാന്തം ലോക്ക് ചെയ്തു വെക്കാന്‍ ഉള്ള ഇടമൊന്നുമല്ല.
മാത്രമല്ല സ്ത്രീകളെ സഹായിക്കുന്നൊക്കെ ഉണ്ട് എന്ന നിലപാട് പോലും അത്ര ശെരിയായ കണ്‍സെപ്റ്റ് അല്ല, ഇക്കാര്യത്തില്‍ സഹായം അല്ല മറിച്ച് പങ്കാളിത്തമാണ് വേണ്ടത്.
ഇത്രയും പറഞ്ഞത് ഇന്നലെ കരിക്കിന്റെ ലേറ്റസ്റ്റ് എപ്പിസോഡില്‍ (Family Pack) വളരെ ചെറിയ എന്നാല്‍ ഗംഭീരമായൊരു ഡയലോഗുണ്ട്.
അടുക്കള പണി എന്ന് പറഞ്ഞാ പെണ്ണുങ്ങള്‍ക്ക് മാത്രം പറ്റിയത് ഒന്നുമല്ല, അത് ആണുങ്ങള്‍ ചെയ്താലും ഒരു കുഴപ്പവുമില്ല, അത് അത്ര എളുപ്പമുള്ള പണിയുമല്ല, അതില്‍ എനിക്ക് ഇന്ന് വരെ ഒരു നാണക്കേടും തോന്നിയിട്ടില്ല എന്ന്.
അത്രയും ഉള്ളൂ.
Discussion about this post