മുന്‍ കാമുകന് തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് പരാതിയുമായി നടി അമല പോള്‍ രംഗത്ത്. ഗായകനായ ഭവ്നിന്ദര് സിംഗിനെതിരേയാണ് അമല പോള്‍ പരാതി നല്‍കിയത്. ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ഭവ്നിന്ദര് സിംഗ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
ഭവ്നിന്ദര് സിംഗ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇരുവരുടെയും വിവാഹ ചിത്രമാണിതെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭവ്നിന്ദര് സിംഗ് അവ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തു. ഇതുവരെ അമല ഇതെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ വീണ്ടും ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് അമല പോള്‍ മുന്‍ കാമുകനെതിരെ നടപടി സ്വീകരിച്ചത്. ഭവീന്ദര്‍ സിംഗിന് എതിരെ അമല പോള്‍ നല്കിയ മാനനഷ്ട കേസിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post