ദിലീപ് നായകനായി എത്തേണ്ടിയിരുന്ന ‘പ്രൊഫസർ ഡിങ്കൻ’ എന്ന ചിത്രത്തിന്റെ പേരിൽ 5 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള പരാതിയുമായി പ്രവാസി വ്യവസായി രംഗത്ത്. പ്രശസ്ത ഛായാഗ്രഹകനായ രാമചന്ദ്ര ബാബു സംവിധാനം ചെയ്യാനിരുന്ന ‘പ്രൊഫസർ ഡിങ്കൻ’, ചിത്രം ദിലീപ് നടിയെ ആക്രമിച്ച കേസിൽ പ്രതിയായതുമായി ബന്ധപ്പെട്ടാണ് പിന്നീട് നീണ്ടുപോയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകൾ പല തവണ മാറി പോയതോടെയും ഇതുവരെ പൂർത്തിയാവാത്ത അവസ്ഥയിലാണ് ചിത്രം, പക്ഷെ ഈ ചിത്രത്തിന്റെ പേരിൽ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പ്രവാസി വ്യവസായി റാഫേൽ പി തോമസ് പരാതി ഉന്നയിച്ചിരിക്കുകയാണ്.
‘പ്രൊഫസർ ഡിങ്കൻ’ എന്ന ചിത്രത്തിന്റെ പേരിൽ നിർമ്മാതാവ് സനൽ തോട്ടം അഞ്ചു കോടി രൂപയോളം തന്റെ പക്കൽ നിന്ന് തട്ടിയെടുത്ത ശേഷം വധഭീഷണി മുഴക്കുകയാണ് എന്ന് റാഫേൽ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
പാതി പൂർത്തിയായ ചിത്രത്തിന്റെ ഭാഗങ്ങൾ കാണിച്ച് സനൽ തോട്ടം പലരിൽ നിന്നുമായി പണം തട്ടുകയാണെന്നും റാഫേൽ ആരോപിച്ചു. അതോടൊപ്പം, നിലവിലെ കരാർ പ്രകാരം സിനിമയുടെ പൂർണ്ണമായ അവകാശത്തിന് ഉടമയായ തനിക്ക് അത് അനുവദിച്ചു തരാൻ സനൽ തയ്യാറാവുന്നില്ല. കുടുംബത്തോടൊപ്പം തീ കൊളുത്തി മരിക്കുമെന്നും താൻ നാട്ടിൽ എത്തിയാൽ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തുമെന്നും സനൽ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെതിരെ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് റാഫേൽ തന്റെ പരാതിയിൽ വ്യക്തമാക്കുന്നത്.
ദിലീപ് മജീഷ്യന്റെ റോളിലെത്തുന്ന പ്രൊഫസർ ഡിങ്കൻ ചിത്രം പൂർണ്ണമായും ത്രീഡി ടെക്‌നോളജി ഉപയോഗിച്ചാണ് ഒരുക്കാനിരുന്നത്. നമിത പ്രമോദ് ആണ് നായിക ആയി അഭിനയിച്ചത്. സംവിധായകൻ റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
Discussion about this post