മുംബൈ: വിഷാദ രോഗത്തിനടിമയായിരുന്നു താനെന്നും നാല് വര്‍ഷത്തോളം അതിന് ചികിത്സതേടിയിരുന്നുവെന്ന ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വെളിപ്പെടുത്തല്‍ നടത്തിയത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ.
14-ാം വയസ്സില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട സംഭവമാണ് ഇറ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തന്നെ ഒരുവര്‍ഷമെടുത്തെന്നും ഇറ പറയുന്നു. ഈ വിവരം പിതാവ് ആമിര്‍ ഖാനോടും അമ്മ റീന ദത്തയോടും പറഞ്ഞതായും ഇറ പറയുന്നു.
ഇറ ഖാന്റെ വാക്കുകള്‍;
‘പതിനാലാമത്തെ വയസ്സില്‍ ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. വിചിത്രമായ സാഹചര്യമായിരുന്നു അത്. എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അപ്പോള്‍ അറിയുമോ എന്നെനിക്ക് അറിയില്ല. അത് എല്ലാ ദിവസവും സംഭവിച്ചിരുന്നില്ല. അയാള്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു വര്‍ഷമെടുത്തു.
‘ഞാന്‍ വേഗം ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. അവര്‍ എന്നെ മുന്നോട്ടുപോകാന്‍ സഹായിച്ചു. അങ്ങനെ ആ സാഹചര്യത്തില്‍ നിന്ന് ഞാന്‍ പുറത്തു കടന്നു. അതില്‍ നിന്ന് മോചിതയായതിനു ശേഷം എനിക്ക് അതോര്‍ത്ത് ഭയമൊന്നും തോന്നിയിട്ടില്ല. അത് എനിക്ക് ഇനി സംഭവിക്കില്ലെന്നും ആ അധ്യായം അവസാനിച്ചതായും എനിക്ക് തോന്നി. ഞാന്‍ അതെല്ലാം മറന്ന് മുന്നോട്ട് പോയി.