അടുക്കള പണി ചെയ്യേണ്ട സ്ത്രീകൾ പുറത്തിറങ്ങി ജോലിക്ക് പോകാൻ ആരംഭിച്ചതാണ് മീ ടൂ നടക്കുന്നതിന് കാരണമെന്ന വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മുകേഷ് ഖന്ന. സ്ത്രീകൾ ജോലി ചെയ്യുന്നതിന് താൻ എതിരല്ലെന്നും മീടൂവിന്റെ തുടക്കത്തെക്കുറിച്ച് മാത്രമാണ് താൻ പറഞ്ഞത് എന്നും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം പങ്കുവച്ചു. വിവാദമായ ഇന്റർവ്യൂവിന്റെ പൂർണ്ണരൂപവും പോസ്റ്റിനൊപ്പം മുകേഷ് ചേർത്തിട്ടുണ്ട്.
നേരത്തെ, സ്ത്രീകൾ അടുക്കള പണിയാണ് ചെയ്യേണ്ടതെന്നും പുറത്തിറങ്ങി ജോലി ചെയ്യാൻ തുടങ്ങിയതോടെയാണ് മീടൂ ആരംഭിച്ചത് എന്നുമായിരുന്നു മുകേഷ് പറഞ്ഞത്.
‘സ്ത്രീകൾ വീടിന് പുറത്തുപോയി ജോലി ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന പ്രശ്‌നത്തെക്കുറിച്ചാണ് ഞാൻ പറയാൻ ശ്രമിച്ചത്. കുട്ടികൾ വീട്ടിൽ ഒറ്റയ്ക്ക് നിർത്തേണ്ട അവസ്ഥ വരുന്നതുപോലെ. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുപോകുന്ന സ്ത്രീകളുടേയും പുരുഷന്റേയും ധർമത്തെക്കുറിച്ചാണ് പറഞ്ഞത്.’-മുകേഷ് ഖന്ന പറയുന്നു.
‘എന്റെ പരാമർശത്തെ നിങ്ങൾ തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ 40 വർഷത്തിലെ എന്റെ സിനിമ ജീവിതം തെളിയിക്കുന്നുണ്ട് ഞാൻ സ്ത്രീകൾക്ക് നൽകുന്ന ബഹുമാനം. എന്റെ പരാമർശത്തിന്റെ പേരിൽ ഏതെങ്കിലും സ്ത്രീകൾക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയാണ്, എന്റെ ആശയം കൃത്യമായി അവതരിപ്പിക്കാതിരുന്നതിൽ. സ്ത്രീകൾ എനിക്ക് നേരെ തിരിയുമെന്ന് ഞാൻ ഭയക്കുന്നില്ല. എനിക്കെതിരെയാവേണ്ട കാര്യമില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഞാൻ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നതെന്നും എല്ലാവർക്കും അറിയാം’ ശക്തിമാൻ ഫെയിം മുകഷ് ഖന്ന പറയുന്നു.
‘സ്ത്രീകൾ പുറത്തുപോകുന്നതുകൊണ്ടാണ് മീടൂ നടക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. ഒരു വർഷം മുൻപ് എടുത്ത വീഡിയോയിൽ ജോലികളുടെ ജോലി സ്ഥലത്തെ സുരക്ഷയെക്കുറിച്ചാണ് പറഞ്ഞത്. പിന്നെ ഇപ്പോൾ എങ്ങനെയാണ് അത്തരത്തിൽ പറയാനാവുക. നമ്മുടെ രാജ്യത്ത് സ്ത്രീകൾ എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പ്രതിരോധ മന്ത്രി, ധനകാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, ശൂന്യാകാശത്തുവരെ സ്ത്രീകൾ തിളങ്ങുകയാണ്. പിന്നെ എങ്ങനെയാണ് ഞാൻ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എതിരെയാവുക.’.-മുകേഷ് ഖന്ന സോഷ്യൽ മീഡിയയിൽ പറഞ്ഞു.
Discussion about this post