‘ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു’; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സന്തോഷം പങ്കുവെച്ചത്. ‘ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്.


ഫെബ്രുവരി 2ന് ആയിരുന്നു വിഷ്ണുവിന്റെയും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുടെയും വിവാഹം. 2003ല്‍ പുറത്തെത്തിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ പുറത്തെത്തിയ നാദിര്‍ഷ ചിത്രം ‘അമര്‍ അക്ബര്‍ അന്തോണി’യുടെ സഹ തിരക്കഥാകൃത്ത് ആയിരുന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി എത്തി.


സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹെവന്‍ലി മൂവീസിന്റെ ഓഫിസില്‍ വെച്ച് ഈ അടുത്താണ് ചിത്രത്തിന്റെ പൂജ നടന്നത്. അന്ന രേഷ്മരാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, മാല പാര്‍വ്വതി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Exit mobile version