‘ബാബു ആന്റണി ആ സിനിമയിലില്ല എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്’; ‘താണ്ഡവ’ത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതിനെ കുറിച്ച് ബാബു ആന്റണി

മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമില്ല എന്ന് തന്നെ പറയാം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ‘താണ്ഡവം’ എന്ന ചിത്രത്തില്‍ നിന്ന് താന്‍ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്ത വിവരം താരം ആരാധകോട് വെളിപ്പെടുത്തിയത്.

തന്റെ കരിയറിലെ തന്നെ വഴിത്തിരിവാകുമായിരുന്ന ആ വേഷത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബാബു ആന്റണി. ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.


ചിത്രം റിലീസ് ചെയ്തപ്പോള്‍ എന്റെ ഫൈറ്റ് സീന്‍ അതിലുണ്ടായിരുന്നില്ല. ഈ കാര്യം അറിഞ്ഞ് ഞാന്‍ നിര്‍മ്മാതാവിനെ വിളിച്ചു ചോദിച്ചു, ‘ബാബു ആന്റണി ആ സിനിമയിലില്ല’ എന്ന ഉത്തരമാണ് എനിക്ക് ലഭിച്ചത്. എഡിറ്റിംഗ് ടേബിളില്‍ ആ രംഗങ്ങള്‍ മുറിച്ചുമാറ്റപ്പെടുകയായിരുന്നു. ഇത് കേട്ടപ്പോള്‍ നിരാശ തോന്നിയെങ്കിലും ഒരു ചിത്രത്തില്‍ ആരൊക്കെ ഉണ്ടാകണമെന്ന് അത് സൃഷ്ടിക്കുന്ന സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും തീരുമാനമാണെന്ന് പിന്നീട് മനസ്സിലായി എന്നാണ് ബാബു ആന്റണി വ്യക്തമാക്കിയത്. .

ചിത്രത്തില്‍ സൂഫി വേഷത്തിലാണ് താന്‍ എത്തിയതെന്നും ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നാണത് എന്നും താരം പറഞ്ഞിരുന്നു. ക്ലൈമാക്സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാല്‍ തീയ്യേറ്ററില്‍ ആ ചിത്രം എത്തിയപ്പോള്‍ ആ രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നുമാണ് താരം നേരത്തേ പറഞ്ഞത്.

Exit mobile version