ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വെച്ചാണ് പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായത്. ഒക്ടോബര്‍ 24നായിരുന്നു വിവാഹം. ഉത്ര, ഉത്തര, ഉത്തമ എന്നിവരാണ് വിവാഹിതരായത്. വിവാഹ ചിത്രങ്ങളും വാര്‍ത്തകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് നവദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങളും. പരമ്പരാഗത കേരളീയ രീതിയില്‍ സെറ്റും മുണ്ടും സില്‍ക്ക് ഷര്‍ട്ടും കസവുസാരിയും അണിഞ്ഞ വധൂവരന്മാരുടെ ചിത്രങ്ങള്‍ ഏറെ മനോഹരമാണ്.
ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ എസ് അജിത്കുമാറാണ്. ഓണ്‍ലൈനില്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയ്ക്ക് മിന്നുകെട്ടിയത് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യാ ടെക്‌നീഷ്യയായ ഉത്തമയെ ജീവിതസഖിയാക്കിയത് മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്.
കാരണവരുടെ സ്ഥാനത്ത് നിന്ന് മൂന്ന് പെങ്ങന്മാരെ കൈപിടിച്ചേല്‍പ്പിച്ചത് ഏക സഹോദരന്‍ ഉത്രജനാണ്. അഞ്ച് പേര്‍ക്കും ഒരേ ദിവസം വിവാഹിതരാകാനായിരുന്നു മോഹം. പക്ഷേ, കോവിഡ് കാരണം അത് നടന്നില്ല. ഏപ്രില്‍ 26ന് അഞ്ച് പേരുടെയും കല്യാണം തീരുമാനിച്ചിരുന്നത്.
എന്നാല്‍ കോവിഡ് മൂലം രണ്ട് പേര്‍ വിദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു.1995 നവംബര്‍ 19 നാണ് രമാദേവിക്ക് കന്നി പ്രസവത്തില്‍ അഞ്ചു പൊന്നോമനകള്‍ പിറന്നത്. ഒന്‍പതാം വയസ്സില്‍ ഇവരുടെ അച്ഛന്‍ പ്രേംകുമാര്‍ ജീവനൊടുക്കിയതോടെ രമാദേവി തനിച്ചാണ് അഞ്ച് മക്കളെയും വളര്‍ത്തി വലുതാക്കിയത്. 5 പേരും പഠിക്കാനും മിടുക്കരായിരുന്നു.
Discussion about this post