കൊച്ചി: ഹിന്ദു ദേവതയെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടിനെതിരെ പരാതിയുമായി എറണാകുളത്തെ മുക്കോട്ടില്‍ ഭഗവതി ക്ഷേത്രം. നവരാത്രിയുമായി ബന്ധപ്പെടുത്തി ആലുവ സ്വദേശിനിയായ ദിയ ജോണ്‍ എന്ന് പേരുള്ള വനിതാ ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോകളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
ഹിന്ദു ദേവത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന രീതിയിലുള്ളതായിരുന്നു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഫോട്ടോകള്‍. ഫെമിനിസത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും ദൃശ്യവത്കരിക്കുന്നു എന്ന മട്ടിലാണ് ഇവര്‍ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരുന്നത്.
ഫോട്ടോ വൈറലായതോടെ സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ ഫോട്ടോ ഷൂട്ടിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര് രംഗത്ത് വന്നിരുന്നു. ഫെമിനിസം പ്രചരിപ്പിക്കാന്‍ എന്ന വ്യാജേന പ്രശസ്തിയാണ് ദിയ ജോണ്‍ ലക്ഷ്യമിടുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രധാനമായും വിമര്‍ശിക്കുന്നത്.
പിന്നാലെ ഫോട്ടോയ്ക്കെതിരെ എറണാകുളത്തെ മുക്കോട്ടില്‍ ഭഗവതി ക്ഷേത്രം. മരട് പൊലീസിന് പരാതിയും നല്കി. സംഭവം കൈവിട്ടുപോയതോടെ ഫോട്ടോഗ്രാഫര്‍ വിവാദത്തിലകപ്പെട്ട ഫോട്ടോകള്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്.പിന്നാലെ ഇവര്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
താന്‍ ഒരു ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല ഫോട്ടോകള്‍ എടുത്തതെന്നും വിശ്വാസികളെ വേദനിപ്പിച്ചതില്‍ ഖേദമുണ്ടെന്നുമാണ് ഇവര്‍ പറയുന്നുണ്ട്.
ദിയ ജോണിന്റെ കുറിപ്പ്
നവരാത്രി തീമില്‍ ഞങ്ങളുടെ ടീം ചെയ്ത ഫോട്ടോഷൂട്ട് ഒരുപാട് വിശ്വാസികളെ മാനസികമായി വേദനപ്പിച്ചു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഏതെങ്കിലും മതത്തെ വേദനപ്പിക്കണം എന്നുള്ള ഒരു ഉദ്ദേശവും ഞങ്ങള്‍ക്ക് ഇല്ലായിരുന്നു. ഏതെങ്കിലും വിധത്തില്‍ ഈ ചിത്രങ്ങള്‍ മത വിശ്വാസികളെ വേദനപ്പിചിട്ടുണ്ടെങ്കില് നിര്‍വാജ്യം ഖേദിക്കുന്നു.
നവരാത്രി ആശംസകള്‍
Discussion about this post