‘താണ്ഡവത്തിന്റെ ക്ലൈമാക്‌സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം എനിക്ക് ഉണ്ടായിരുന്നു, എന്നാല്‍ ‘; ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത രംഗത്തെ കുറിച്ച് ബാബു ആന്റണി

മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമില്ല എന്ന് തന്നെ പറയാം.

ഇപ്പോഴിതാ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘താണ്ഡവം’ എന്ന ചിത്രത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയില്‍ നിന്നും നീക്കം ചെയ്തതിനെക്കുറിച്ചാണ് താരം ഫേസ്ബുക്കില്‍ പറഞ്ഞത്.

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ സൂഫി വേഷത്തിലാണ് ഞാന്‍ എത്തിയത്. ഞാന്‍ ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നാണത്. ക്ലൈമാക്‌സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈ രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം എനിക്ക് മലയാള സിനിമകളില്‍ ഒരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു. എന്റെ ഓര്‍മ്മ പുതുക്കിയതിന് ആരാധകര്‍ക്ക് നന്ദി’ എന്നാണ് താരം കുറിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാറാണ്’ ബാബു ആന്റണിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Exit mobile version