കൊച്ചി: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ഈ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്തു. ജാമ്യം നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ച് തമ്പാനൂര്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരുടെ മുറിയിലെത്തിയതും പിന്നാലെ കൈയ്യേറ്റം ചെയ്തതും കരുതിക്കൂട്ടിയാണെന്ന് പോലീസ് പറയുന്നു.
ആക്രമിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ലോഡ്ജിലേക്ക് പോയത്. വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതോടെയാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതില്‍ അപേക്ഷ നല്‍കിയത്. കോടതി നേരത്തെ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.കേസ് വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം സന്ധി സംഭാഷണത്തിനായിട്ട് പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചതിനാലാണ് അവിടെ പോയതെന്നാണ് ഭാഗ്യലക്ഷ്മി മുമ്പ് പറഞ്ഞത്.
Discussion about this post