നടന് സലിം കുമാറിനോട് മാപ്പ് പറഞ്ഞ് നടി ജ്യോതികൃഷ്ണ. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലുടെയാണ് താരം സലിം കുമാറിനോട് മാപ്പ് പറഞ്ഞത്. ഏഴ് വര്‍ഷം മുമ്പ് സിനിമാ സെറ്റിലുണ്ടായ വഴക്കിനാണ് ജ്യോതികൃഷ്ണ സലിം കുമാറിനോട് മാപ്പ് ചോദിച്ചത്. അന്ന് ആ വഴക്ക് തന്റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചുപോയതാണെന്നും ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നുവെന്നും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ സോറി പറയുന്നു എന്നുമാണ് താരം വിഡീയോയില്‍ പറഞ്ഞത്.
‘നമ്മുടെ എല്ലാവരുടെയും ലൈഫില്‍ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളും സംഭവിച്ചിട്ട് ഒരു സോറി പറയാതെ ഈഗോ വച്ച് നമ്മള് മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങള്‍ കഴിഞ്ഞ് ചിന്തിക്കുമ്പോള്‍ നമുക്ക് തോന്നും ചെയ്തത് ശരിയായില്ലെന്ന്. ഒരു സോറി പറയാമായിരുന്നെന്ന് തോന്നും. ആ സമയത്ത് ഈഗോ വിട്ട് സോറി പറഞ്ഞാല്‍ മനസിന് തന്നെ സമാധാനം ഉണ്ടാകും. അത് കേള്‍ക്കുന്നവര്‍ക്കും സന്തോഷം. അറ്റുപോയ ഒരു ബന്ധം തിരിച്ചുകിട്ടും ചിലപ്പോള്‍.
എന്റെ ജീവിതത്തിലും ഒരുപാട് പേരുടെ അടുത്ത് വഴക്കുണ്ടാക്കിയിട്ടുണ്ട്. ചിലരോടൊക്കെ സോറി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈഗോ കാരണം സോറി പറയാതിരുന്ന ചിലരോടാണ് ഇന്നെനിക്ക് സോറി പറയാനുള്ളത്.
നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് ഞാന്‍ ആദ്യം സോറി പറയുന്നത്. 2013ല്‍ മൂന്നാം നാള് ഞായറാഴ്ചയുടെ സെറ്റില്‍ വച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത് എന്നാണ് ഇപ്പോള്‍ തോന്നുന്നത്. നല്ല രീതിയിലുള്ള വഴക്കായി മാറി. വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം ഞാന്‍ യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഒരു കസേരയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഞാന്‍ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോള്‍ എനിക്കു സ്വയം പുച്ഛം തോന്നുന്നു. പിന്നീട് സലീമേട്ടന് വിളിച്ചിരുന്നു. സംസാരിച്ചിട്ടുണ്ടെങ്കിലും അന്ന് സോറി പറഞ്ഞില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ സോറി പറയുന്നു’ എന്നാണ് താരം വീഡിയോയില്‍ പറഞ്ഞത്.
ഇതിനു പുറമെ അമ്മയോടും എട്ടാം ക്ലാസില്‍ കൂടെ പഠിച്ച കുട്ടിയോട് മോശമായി പെരുമാറിയതിനും ജ്യോതികൃഷ്ണ സോറി ചോദിച്ചു. സോറി പറയുമ്പോള്‍ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നും നമ്മുടെ നന്മ പുറത്തുവരികയാണ് ചെയ്യുന്നതെന്നും താരം വീഡിയോയില്‍ പറഞ്ഞു.
Discussion about this post