മോഹിപ്പിക്കുന്ന ഗാനവും ഈണവുമായി ആരെങ്കിലും സമീപിച്ചാല്‍ പാടും; മലയാളത്തില്‍ പാടില്ലെന്ന തീരുമാനം മാറ്റി വിജയ് യേശുദാസ്

മധുരമൂറുന്ന ശബ്ദത്തിലൂടെ മലയാളികള്‍ക്ക് കുറേ നല്ല പാട്ടുകള്‍ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. കഴിഞ്ഞദിവസം വിജയ് അറിയിച്ച തന്റെ ഒരു തീരുമാനം ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. മലയാള സിനിമയില്‍ ഇനി പാടില്ലെന്നായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലും ഈ പ്രശ്നമില്ലെന്നും ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്.

മലയാളത്തില്‍ സെലക്ടീവ് ആകാന്‍ പോലും താത്പര്യം ഇല്ല.20വര്‍ഷമായി പാടുന്നു.താരതമ്യേന ചെറിയ പ്രതിഫലമാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് കിട്ടുന്നത്.ആരെയും കുറ്റപ്പെടുത്തുകയല്ല.ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണ്.അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ഈ കഠിന തീരുമാനം- എന്നും വിജയ് യേശുദാസ് പറഞ്ഞു.

ഗായകന്‍ നടത്തിയ പ്രസ്താവനകള്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ നിറഞ്ഞു. ഇതിന് പിന്നാലെ തന്റെ നിലപാട് മാറ്റിയിരിക്കുകയാണ് വിജയ് യേശുദാസ്. പുതിയ പാട്ടുകള്‍ ഇനി മലയാളത്തില്‍ ഉണ്ടാകില്ലെന്നാണോ എന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ മറ്റൊന്നായിരുന്നു മറുപടി.

അത്ര മോഹിപ്പിക്കുന്ന ഗാനവും ഈണവുമായി ആരെങ്കിലും സമീപിച്ചാല്‍ മാത്രമേ തീരുമാനം മാറ്റുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുക പോലും ഉളളൂ.കൂടാതെ മറ്റ് ചില പദ്ധതികള്‍ മനസിലുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് ഇവിടെ വലിയ സാധ്യതകളുണ്ട്.

പ്രളയവും കൊറോണയുമൊക്കെ വന്നപ്പോള്‍ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയവരില്‍ വലിയൊരു വിഭാഗം സംഗീതജ്ഞരുണ്ട്. അതൊക്കെ കണ്ടപ്പോഴാണ് ഈ ആഗ്രഹം ശക്തമായത്.സ്വന്തം മ്യൂസിക് കമ്പനി ആഗ്രഹങ്ങളിലൊന്നാണ്. യു ട്യൂബ് ചാനലിലും സജീവമാക്കും.ആല്‍ബങ്ങളും മറ്റും തുടര്‍ന്നും ചെയ്യും.പുതിയ ടാലന്റുകള്‍ക്ക് വഴിയൊരുക്കാനുളള വേദി ഒരുക്കാനാകും ഇനി തന്റെ പരിശ്രമം എന്നും വിജയ് പറയുന്നു

Exit mobile version