തെന്നിന്തയൻ താരസുന്ദരി നയൻതാര വീണ്ടും മലയാള ചിത്രത്തിൽ നായികയാവുന്നു. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻസ് വേഷമിടുന്ന മലയാള ചിത്രമാണിത്. കുഞ്ചാക്കോ ബോബനൊപ്പമാണ് നയൻതാര വേഷമിടുന്നത്. ഒട്ടനവധി രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴൽ’ എന്ന സിനിമയിലാണ് കുഞ്ചാക്കോയും നയൻ താരയും ഒന്നിക്കുന്നത്.
എസ് സഞ്ജീവാണ് ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടിപി, ഗണേഷ് ജോസ് എന്നിവർ നിർമ്മാതാക്കളാകുന്നു.
ദീപക് ഡി മേനോൻ ഛായാഗ്രഹണവും, സൂരജ് എസ് കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിയും അരുൺ ലാലുമാണ് എഡിറ്റിങ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്‌സ് സേവ്യർ.