പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറിയാണ് ദൃശ്യം രണ്ടാംപതിപ്പിന്റെ ചിത്രീകരണത്തിനായി സെറ്റ് നിര്‍മ്മിച്ചതെന്ന് പരാതി. ഇടുക്കി തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ ഭൂമിയിലെ സംരക്ഷിത വന പ്രദേശം കൈയ്യേറിയെന്നാണ് പരാതി. പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഭവത്തില്‍ ഇടപെട്ടു. ഇരുപത്തി അയ്യായിരം രൂപ കെട്ടിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ദൃശ്യം ആദ്യപതിപ്പിലെ പോലീസ് സ്റ്റേഷന് സെറ്റിട്ട പ്രദേശത്താണ് പുതിയ സെറ്റും നിര്‍മ്മിച്ചത്. എന്നാല്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ ഇവിടെ മരത്തൈകള്‍ നട്ട് പരിപാലിക്കുന്നുണ്ടായിരുന്നു. ഇത് വെട്ടിത്തെളിച്ചാണ് പുതിയ സെറ്റ് നിര്‍മ്മാണം നടത്തിയത്.
തുടര്‍ന്ന് കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹരിത മിഷന് പ്രവര്‍ത്തകരെത്തി സെറ്റ് നിര്‍മ്മാണം തടയുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ കളക്ടര്‍ ഇടപെട്ടത്. അതേസമയം പച്ചത്തുരുത്ത് പദ്ധതി പ്രദേശമാണെന്ന് അറിയാതെയായിരുന്നു സെറ്റിട്ടതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. മരത്തൈകള്‍ നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്നും ഉറപ്പ് നല്കി.
Discussion about this post