തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. തീയറ്റര്‍ തുറക്കുന്നതിന് കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് 15 മുതല്‍ നിയന്ത്രണങ്ങളോടെ തീയറ്റര്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
നിലവില്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. നിര്‍മാതാക്കളും വിതരണക്കാരും സിനിമ നല്കിയാല് ട്രയല്‍റണ്‍ എന്നനിലയില്‍ കോര്‍പ്പറേഷന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിര്‍ദേശം കെഎസ്എഫ്ഡിസി മുന്നോട്ടുവെച്ചു.
തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണ്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി എന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. അതു പരിഗണിക്കാതെ സിനിമകള്‍ നല്‍കിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായും അവര്‍ പറഞ്ഞു.
ചര്‍ച്ചയില്‍ ചെയര്‍മാനു പുറമേ എം.ഡി. എന്‍.മായയും ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, എക്സിബിറ്റേഴ്സ് അസോസിയേഷന്, എക്സിബിറ്റേഴ്സ് ഫെഡറേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിലിം ചേമ്പര്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ കോര്പ്പറേഷന് അറിയിക്കും.
Discussion about this post