ദിവസങ്ങൾക്ക് മുമ്പാണ് താൻ കൊവിഡ് ബാധിതയായെന്നും പിന്നീട് രോഗമുക്തി നേടിയെന്നും ബോളിവുഡ് താരം മലൈക അറോറ അറിയിച്ചത്. കുറഞ്ഞ വേദനയോടും അസ്വസ്ഥതയോടും കൂടി ഈ വൈറസിനെ മറികടക്കാനായതിൽ ഞാൻ ഭാഗ്യവതിയാണെന്നും താരം പറഞ്ഞിരുന്നു. എന്നാൽ, അധികം വൈകാതെ തന്നെ മൊടികൊഴിച്ചിൽ പിടികൂടിയെന്നും മലൈക പുതിയൊരു വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നു.അതിനാൽ പണ്ടുതാൻ ശീലിച്ച മാർഗം വീണ്ടും തുടരാൻ തീരുമാനിച്ചരിക്കുകയാണെന്നും ഇത് ഏറെ ഫലപ്രദമാണെന്നുമാണ് മലൈക പറയുന്നത്.
മുടികൊഴിച്ചിലകറ്റാൻ ഒരൊറ്റ ചേരുവ ഉപയോഗിച്ചുള്ള പ്രയോഗമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ മലൈക പറയുന്നത്. ജീവിതത്തിൽ നാമെല്ലാം നേരിടുന്ന വലിയൊരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ എന്നു പറഞ്ഞാണ് മലൈക കുറിപ്പ് ആരംഭിക്കുന്നത്. ചിലർക്ക് ഘട്ടം ഘട്ടമായാണ് അതു വരുന്നതെങ്കിൽ ചിലർ അതിനെ എന്നും നേരിടുന്നു. അതിനെ ഭയക്കുന്നതിനു പകരം ശരിയായ വഴിയിലൂടെ മറികടക്കുകയാണ് വേണ്ടത്. ആരോഗ്യകരമായ ഡയറ്റ് ശീലമാക്കുന്നതിനൊപ്പം ചില ലളിതമായ ടിപ്‌സ് പരീക്ഷിക്കുന്നതും തലമുടി കൊഴിച്ചിൽ തടയാൻ സഹായിക്കുമെന്നും മലൈക പറയുന്നു.
‘കൊവിഡിന് ശേഷം തനിക്ക് സാധാരണത്തേതിനേക്കാൾ കൂടുതൽ മുടികൊഴിച്ചിൽ ഉണ്ടായി. അങ്ങനെയാണ് സ്ഥിരം വിറ്റാമിനുകൾക്കൊപ്പം സ്വന്തമായൊരു തെറാപ്പി കൂടി തുടങ്ങിയത്. വേറെയൊന്നുമല്ല, ഉള്ളി നീരാണത്. ഒരു ഉള്ളിയെടുത്ത് ഗ്രേറ്റ് ചെയ്ത് അതിന്റെ നീരെടുക്കുക. ശേഷം കോട്ടൺ ബോൾ ഉപയോഗിച്ച് അത് ശിരോചർമ്മത്തിൽ പുരട്ടുക. കുറച്ചുനേരത്തിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഒരാഴ്ച്ചയ്ക്കുള്ളിൽ ഫലം കാണും. നിരാശപ്പെടേണ്ടി വരില്ല’ മലൈക പറയുന്നു. ഉള്ളിനീര് തയ്യാറാക്കി ഉപയോഗിക്കേണ്ട വിധവും വീഡിയോയിൽ മലൈക പങ്കുവച്ചിട്ടുണ്ട്.