കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിലായിരുന്നു ഇടവേളയുടെ പ്രതികരണം.
എഎംഎംഎ അംഗമായ നടൻ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രമായ ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായിരുന്നു ഭാവന. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബുവിന്റെ വാദം.
ട്വന്റി ട്വന്റിയിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാൻ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെയുള്ളവരോട് പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു പറഞ്ഞു.
Discussion about this post