സ്വന്തം ഗ്രാമത്തില്‍ താന്‍ ഇപ്പോഴും ജാതി വിവേചനം നേരിടുന്നുണ്ടെന്ന് ബോളിവുഡ് താരം നവാസുദ്ദിന്‍ സിദ്ദിഖി. ജാതിചിന്ത രാജ്യത്തെ ഗ്രാമങ്ങളില്‍ ശക്തമാണെന്നും യുപി സ്വദേശിയായ താരം പറഞ്ഞു. ജാതിവിവേചനത്തിനെതിരെ ശബ്ദമുയരണമെന്നും ഹാഥ്‌റസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.
‘എന്റെ മുത്തശ്ശി പിന്നാക്ക ജാതിയില്‍പ്പെട്ടയാളാണ്. അതുകൊണ്ട് തന്നെ കുടുംബത്തിലും ഗ്രാമത്തിലും ഞങ്ങള്‍ വിവേചനം നേരിടുന്നുണ്ട്. ഇന്നും അവര്‍ ഞങ്ങളെ അംഗീകരിച്ചിട്ടില്ല. ഞാന്‍ പ്രശസ്തനാണോ എന്നതൊന്നും അവര്‍ക്ക് ഒരു വിഷയമല്ല. ജാതി ചിന്ത അവരുടെ രക്തത്തിലുണ്ട്. ജാതി അഭിമാനമായാണ് അവര്‍ കരുതുന്നത്. ഇന്നും അങ്ങനെ തന്നെയാണ്. വളരെ ബുദ്ധിമുട്ടാണിത്’ എന്നാണ് താരം പറഞ്ഞത്.
ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവത്തില്‍ ഉയരുന്ന പ്രതിഷേധത്തെ കുറിച്ചും താരം പ്രതികരിച്ചു. തെറ്റ് തെറ്റ് തന്നെയാണെന്നും ഹാഥ്‌റസില്‍ സംഭവിച്ചതിനെതിരെ കലാകാരന്മാരുടെ ശബ്ദവും ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശബ്ദയുര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട സംഗതിയാണെന്നുമാണ് താരം പറഞ്ഞത്.
Discussion about this post