തെന്നിന്ത്യൻ ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സിനിമാ താരം ചിരഞ്ജീവി സർജ വിടവാങ്ങിയത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ വിവാഹിതരായ ചിരഞ്ജീവി-മേഘ്ന രാജ് ദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാനിരിക്കെ ആയിരുന്നു ചിരുവിന്റെ അപ്രതീക്ഷിത മരണം.
ഒരുമിച്ച് ജീവിച്ച് കൊതി തീരും വിടവാങ്ങിയ ചിരുവിന്റെ ഓർമ്മകളിൽ കഴിയുന്ന മേഘ്ന രാജ് ഇപ്പോൾ തന്റെ സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. മരണത്തിനും തങ്ങളെ പിരിക്കാനാകില്ലെന്ന് തെളിയിക്കുന്നതാണ് മേഘന രാജിന്റെ ചിത്രങ്ങൾ.
ഏറെ നാളായി സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന മേഘ്ന കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യൽമീഡിയ വീണ്ടും കണ്ണീരണിയുകയാണ്. കുഞ്ഞിനെ വരവേൽക്കുന്ന ആഘോഷത്തിൽ ചിരുവിന്റെ അഭാവം ഉണ്ടാവാതിരിക്കാനായി വേദിയിൽ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ‘എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും, എന്നെന്നേക്കും എല്ലായ്പ്പോഴും,’ ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന കുറിച്ചതിങ്ങനെ.
അതേസമയം, ഈ ചിത്രങ്ങളും അതോടൊപ്പം മേഘ്ന എഴുതിയ കുറിപ്പും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്ന് പറയുകയാണ് നടി നവ്യ നായർ. ‘എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷവും അതേ. ഒരുപാട് സ്നേഹം. നിനക്കായി പ്രാർത്ഥിക്കുന്നു,’ നവ്യ കുറിച്ചു.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് അകാലത്തിൽ വിടവാങ്ങിയത്.
Discussion about this post