യൂട്യൂബിലൂടെ തനിക്ക് എതിരെ ആക്ഷേപം പ്രചരിപ്പിക്കുന്നെന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. താൻ ഒരാളെയും പരിഹസിച്ചിട്ടില്ലെന്നും കേസുമായി സുപ്രീംകോടതി വരെ പോകാനും താൻ തയാറാണെന്നും ശാന്തിവിള പറഞ്ഞു. ഇത്രയേറെ വിവാദമുണ്ടായിട്ടും തന്നെ സിനിമയിൽ നിന്നും ആരും വിളിച്ചില്ലെന്നും വിവാദവുമായി ബന്ധപ്പെട്ട് സിനിമാക്കാരോ പാർട്ടി പ്രവർത്തികരോ തന്നെ വിളിക്കാത്തതിൽ വേദന ഉണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
പുതിയ യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിളയുടെ വെളിപ്പെടുത്തലുകളിലെ പ്രസക്ത ഭാഗങ്ങൾ: മലയാളികൾ ഉള്ളിടത്ത് എല്ലാവരും ഈ സംഭവം അറിഞ്ഞു കാണും. ഞാനൊരാളെ തല്ലുകയോ എന്നെ ഒരാൾ തല്ലുകയോ ഈ പ്രായം വരെ ഉണ്ടായിട്ടില്ല. ഞാൻ കള്ളം പറയില്ല. ഈ പറയുന്നതൊക്കെ സത്യമാണ്. ഞാനൊരാളെയും പരിഹസിച്ചിട്ടില്ല. ജീവിക്കാൻ വേണ്ടിയല്ല യുട്യൂബ് ചാനലുമായി നടക്കുന്നത്. പട്ടിണിയായാൽ പോലും പണിയെടുത്ത് ജീവിക്കും. ആരുടെ മുന്നിലും മുട്ടുമടക്കില്ല. കേസിലെ വകുപ്പുകൾ ഇങ്ങനെ, ലൈംഗികചുവയുള്ള വർത്തമാനം പറഞ്ഞതായാണ് പരാതി. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. കാരണം, എംബിഎക്കാരനായ എന്റെ മകനും ഭാര്യയ്ക്കും ഒപ്പമിരുന്നാണ് ഈ വീഡിയോ ഞാൻ കാണുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ആരോടും ദ്വയാർഥത്തിൽ സംസാരിച്ചിട്ടില്ല.
ഈ കേസിന്റെ കാര്യത്തിൽ എനിക്ക് കുറച്ച് മുൻവിധികൾ ഉണ്ടായിരുന്നു. അതൊക്കെ തെറ്റാണെന്ന് മനസിലായി. അനുജനെപ്പോലൊരാൾ ഇതിന്റെ വിവരങ്ങൾ പറഞ്ഞുതന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്ക് മുൻകൂർ ജാമ്യം ലഭിച്ചു. 17ാം വയസ്സിൽ പാർട്ടി അംഗത്വം കിട്ടിയ ആളാണ് ഞാൻ. സംസ്ഥാനസർക്കാരിന്റെ ക്ഷേമനിധിബോർഡിൽ അംഗം. എന്റെ മകന്റെ പേരിൽ എനിക്ക് നാണംകെടേണ്ടി വന്നിട്ടില്ല. അങ്ങനെയൊരു കമ്യൂണിസ്റ്റുകാരനായ എനിക്കെതിരെ കേസ് എടുക്കുന്നതിനു മുമ്പ് ഇവരാരെങ്കിലും ഒരുവാക്ക് എന്നോട് ചോദിച്ചിരുന്നെങ്കിൽ എന്ന് ഓർത്തുപോയി.
ഇതിനിടെ ഫെഫ്കയിൽ നിന്നും എന്നെ പുറത്താക്കാൻ നീക്കം നടക്കുന്നതായി അറിയാൻ കഴിഞ്ഞു. ഫെഫ്കയും മാക്ടയും എന്നെ പുറത്താക്കട്ടെ. ഇതിലൊക്കെ ആത്മാർഥമായി പ്രവർത്തിച്ച ആളാണ് ഞാൻ. എന്നെ ചതിക്കുന്നുവെന്ന് കണ്ടപ്പോൾ ഫെഫ്കയിൽ നിന്നും ഇറങ്ങിപ്പോയ ആളാണ് ഞാൻ. ഒരു സിനിമാക്കാരൻ പോലും എന്നെ വിളിച്ചില്ല, പാർട്ടിക്കാരും വിളിച്ചില്ല. അതിൽ വേദനയുണ്ട്.
ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ. ആ എന്നെയാണ് ഇവർ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്. ജാമ്യം കിട്ടിയതിന്റെ അരിശം തീർക്കാൻ ദിവസവും അവർ ഡിജിപിക്ക് പരാതികൊടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ച് പേജുള്ള പരാതിൽ ഞാൻ ഇന്നലെ ഡിജിപിക്ക് കൊടുത്തിട്ടുണ്ട്. അത് വായിച്ച് അദ്ദേഹം അതിൽ നടപടി എടുക്കട്ടെ. ഇനി എന്റെ പേരിൽ കേസെടുക്കാനാണ് തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകാൻ തയാറാണ്.
Discussion about this post