സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; ‘അവള്‍ അപ്പടി താന്‍’ ഒരുങ്ങുന്നത് തമിഴില്‍

സില്‍ക് സ്മിതയുടെ ജീവിതകഥ വീണ്ടും സിനിമയാകുന്നു. തമിഴിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ‘അവള്‍ അപ്പടി താന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെഎസ് മണികണ്ഠനാണ്. നവംബര്‍ തുടക്കത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ആര് സില്‍ക്ക് സ്മിതയെ അവതരിപ്പിക്കും എന്ന് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

സില്‍ക് സ്മിതയായി അഭിനയിക്കാന്‍ അനുയോജ്യയായ താരത്തെ കണ്ടെത്താനുളള ശ്രമത്തിലാണ് താനെന്ന് സംവിധായകന്‍ പറയുന്നു. സന്താനം നായകനായ ‘കണ്ണാ ലഡ്ഡു തിന്ന ആസയാ’ ആണ് മണികണ്ഠന്റെ ആദ്യ ചിത്രം. സില്‍ക്കിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളും ജീവിതയാത്രയും ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കും.

നേരത്തെ സില്‍ക് സ്മിതയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു. ‘ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തില്‍ വിദ്യാ ബാലനായിരുന്നു നായിക. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ മികച്ച ചിത്രമായും മിലന്‍ ലുതീര മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും വിദ്യാ ബാലന് ലഭിച്ചിരുന്നു.

1996 സെപ്റ്റംബര്‍ 23 നായിരുന്നു സില്‍ക് സ്മിതയുടെ മരണം. ചെന്നൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്. 17 വര്‍ഷം കൊണ്ട് ഹിന്ദി, മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലായി 450ലധികം സിനിമകളിലാണ് സില്‍ക്ക് സ്മിത അഭിനയിച്ചത്. ആന്ധ്രാപ്രദേശിലെ ഏലൂരിനടുത്ത തേവാലി എന്ന ഗ്രാമത്തില്‍ ആണ് സില്‍ക്ക് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

Exit mobile version