20 ലക്ഷം രൂപ എന്നാണ് ഞാന്‍ എഴുതിയത്, ഇനി ഒന്നേ പറയാനുള്ളൂ, ഞാന്‍ ഒപ്പുവച്ചു എന്ന് പറയുന്ന 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിക്കാമെങ്കില്‍ നിര്‍മാതാവ് പറയുന്നത് ഞാന്‍ അനുസരിക്കാം; പ്രതിഫല വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു

കൊച്ചി: 20 ലക്ഷം പ്രതിഫലം നല്‍കാമെന്ന കരാറിന്മേലാണ് മരട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്ന് വ്യക്തമാക്കി നടന്‍ ബൈജു. പ്രതിഫല വിവാദത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയതായിരുന്നു അദ്ദേഹം. നിര്‍മാതാവ് പറയുന്ന എട്ട് ലക്ഷത്തിന്റെ കണക്ക് മനസിലാകുന്നില്ലെന്നും ബൈജു പറഞ്ഞു.

അങ്ങനെയൊരു കരാര് കയ്യിലുണ്ടെങ്കില് നിര്‍മാതാവ് അത് കാണിക്കാന്‍ തയാറാകണമെന്നും അങ്ങനെയെങ്കില്‍ അദ്ദേഹം പറയുന്ന എന്ത് വ്യവസ്ഥയ്ക്കും തനിക്കു സമ്മതമാണെന്നും ബൈജു പറയുന്നു. ‘മരട് എന്ന സിനിമയില്‍ ഞാന്‍ ജോയിന്‍ ചെയ്തതിന്റെ അന്നാണ് നിര്‍മാതാവായ അബാം എബ്രാഹമിന്റെ മാനേജര്‍ ഒരു ബ്ലാങ്ക് എഗ്രിമെന്റുമായി വന്നത്.

അതില്‍ ഫിഗറിലും അക്ഷരത്തിലും 20 ലക്ഷം രൂപ എന്ന് എഴുതി ഞാന്‍ ഒപ്പിട്ടു കൊടുത്തു. ഷൂട്ടിന് ഇടക്കൊന്നും ഇതിനെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണ് ഈ സംഭവം. അതേ സമയത്താണ് ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്.

ആ സിനിമയിലും 20 ലക്ഷം രൂപയാണ് എനിക്ക് പ്രതിഫലം തന്നത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ അസോസിയേഷനിലുള്ള സോഫിയ പോളിനെ വിളിച്ചു ചോദിക്കാം, സത്യാവസ്ഥ അറിയാന്‍ കഴിയും. സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്.’- എന്നും ബൈജു വ്യക്തമാക്കി.

കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായതു കാരണം എഗ്രിമെന്റ് ചെയ്ത തുകയില്‍ നിന്നും അഞ്ചു ലക്ഷം രൂപ കുറച്ചു തന്നാല്‍ മതിയെന്ന് ഞാന്‍ ‘മരടി;ന്റെ പ്രൊഡ്യൂസറോട് പറഞ്ഞിരുന്നു. ഇതേ നിര്‍മാതാവ് ചെയ്ത പട്ടാഭിരാമന്‍ എന്ന സിനിമയില്‍ പതിനഞ്ചു ലക്ഷമായിരുന്നു എന്റെ പ്രതിഫലം.

രണ്ടുവര്‍ഷം മുന്‍പ് വാങ്ങിയ ആ പ്രതിഫലം തന്നാല്‍ മതി ഇപ്പോളെന്ന് ഞാന്‍ പറഞ്ഞു, എന്നാല്‍ അദ്ദേഹം എട്ടുലക്ഷം നല്‍കാമെന്നാണ് അറിയിച്ചത്, എട്ടുലക്ഷം രൂപയുടെ കണക്ക് എനിക്ക് മനസ്സിലാകുന്നില്ല. ‘പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് പട്ടാഭിരാമനില്‍ എനിക്ക് തന്നത് 12 ലക്ഷം രൂപയാണ് എന്നാണ്, എന്നാല്‍ അത് വാസ്തവവിരുദ്ധമാണ്.’ എന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

പതിനഞ്ചു ലക്ഷം രൂപയാണ് തന്നത്. അദ്ദേഹം അത് മനഃപൂര്‍വം മറന്നതാണ്. മരട് സിനിമയ്ക്കായി 8 ലക്ഷം രൂപയ്ക്കാണ് ഞാന്‍ സൈന്‍ ചെയ്തത് എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. അങ്ങനെയൊരു എഗ്രിമെന്റ് ഉണ്ടെങ്കില്‍ അത് എനിക്ക് കാണണം. കാരണം ഞാന്‍ അങ്ങനെ ഒരു എഗ്രിമെന്റില്‍ ഒപ്പിട്ടിട്ടില്ല.’

‘ഇനി 20 ലക്ഷത്തിന്റെ എഗ്രിമെന്റില്‍ തുക മായ്ച്ച് എഴുതി ചേര്‍ത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടാല്‍ അറിയാന്‍ പറ്റും. എനിക്ക് ഒന്നേ പറയാനുള്ളൂ, ഞാന്‍ സൈന്‍ ചെയ്ത 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിക്കാമെങ്കില്‍ പുള്ളി പറയുന്നത് ഞാന്‍ അനുസരിക്കും, പുള്ളി പറയുന്ന സമയത്ത് ഞാന്‍ വന്നു ഡബ്ബ് ചെയ്തു കൊടുക്കുകയും ചെയ്യും. ഇതെന്റെ വാക്കാണ്.’എന്നും ബൈജു പറഞ്ഞു.

Exit mobile version