നടന് ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി നിര്‍മാതാവ്. ബൈജു അഭിനയിച്ച മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞുവെന്ന് നിര്‍മ്മാതാവ് പറയുന്നു.
ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. സംഘടനയ്ക്ക് നല്കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പെടെ നിര്‍മാതാവ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലന്നാണ് ബൈജുവിന്റെ നിലപാടെന്നും നിര്‍മ്മാതാവ് പരാതിപ്പെട്ടു.
കൊവിഡ് കാലത്തും പല നടന്മാരും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ തന്റെ പ്രതിഫലം പകുതിയാക്കിയപ്പോള്‍ മറ്റു ചിലര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല എന്ന ആക്ഷേപമുണ്ടായി. ഇതിനിടെ ജോജു, ടോവീനോ ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഫലം കുറയ്ക്കുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു. ശേഷമാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
Discussion about this post