കൊച്ചി: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ പ്രതിഫലം കൂട്ടിയ താരങ്ങളുടെ സിനിമകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിര്‍മാതാക്കളുടെ തീരുമാനത്തില്‍ പ്രതികരിച്ച് നടനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗവുമായ ടിനി ടോം. സിനിമാ താരങ്ങള്‍ പ്രതിഫലം കൂടുതല്‍ ചോദിക്കുന്നതും കുറയ്ക്കുന്നതും സ്വന്തം ഇഷ്ടപ്രകാരമെന്ന് ടിനി ടോം വ്യക്തമാക്കി.
‘പ്രതിഫലം വാങ്ങുന്നത് താരങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഇത്ര രൂപ കുറക്കണമെന്നോ, ഇത്ര രൂപയ്ക്ക് ചെയ്യണമെന്നോ ‘അമ്മ’ സംഘടന പറഞ്ഞിട്ടില്ല. ‘അമ്മ’ അങ്ങനെ ഒരു നിബന്ധനയും വച്ചിട്ടില്ല. കൂട്ടുന്നതും കുറയ്ക്കുന്നതും താരങ്ങളുടെ ഇഷ്ടമാണ്’ എന്ന് ടിനി ടോം പറഞ്ഞു.
‘ചില താരങ്ങള്‍ പ്രതിഫലം കൂട്ടി ചോദിക്കുന്നത് അവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ മാര്‍ക്കറ്റ് കൊണ്ടായിരിക്കും, അവര്‍ അത് ചോദിക്കുന്നതിന് കാരണമുണ്ടാകും. അതില്‍ എന്തെങ്കിലും വിപരീതാഭിപ്രായം നിര്‍മാതാവിനുണ്ടായാല്‍, അത് അവര്‍ തമ്മില്‍ സംസാരിച്ചു തീര്‍ക്കുകയാണ് വേണ്ടത്’ എന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.
‘അമ്മ’ ആരെയും ഒന്നും അടിച്ചേല്‍പ്പിക്കാറില്ല, ഇത് ഒരു കമ്പനി ജോലി ഒന്നും അല്ലല്ലോ. ഈയിടെ ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി ഞാന്‍ ഒരു സിനിമ ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം ആയതുകൊണ്ട് തന്നെ വലിയ പ്രതിഫലം ചോദിക്കുക സാധ്യമല്ല. ഞാനും ആ സമയത്തെ സാഹചര്യം അനുസരിച്ചായിരിക്കും പ്രതിഫലം ചോദിക്കുക. എനിക്ക് എന്താണ് അവകാശപ്പെട്ടത്, അത് പ്രൊഡ്യൂസര്‍ തരു’മെന്നും ടിനി ടോം പറഞ്ഞു.
‘ഞാന്‍ ചോദിക്കുന്ന പ്രതിഫലം കൂടുതല്‍ ആണെങ്കില്‍ എന്നെ വേണ്ടെന്നു വച്ചിട്ട് അവര്‍ പകരം ആളെ വയ്ക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അഭിപ്രായം അവര്‍ പറയുന്നു, പ്രതിഫലം കൂട്ടി ചോദിക്കുന്നവരെ അഭിനയിപ്പിക്കണോ വേണ്ടയോ എന്നൊക്കെ അവര്‍ക്കു തീരുമാനിക്കാം. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ‘അമ്മ’ യോഗം ചേര്‍ന്നിട്ടില്ല.’-ടിനി ടോം വ്യക്തമാക്കി.
Discussion about this post