ചെന്നൈ: മധുരമായ ശബ്ദം കൊണ്ട് സംഗീതലോകം കീഴടക്കിയ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഉറ്റവരെയും സുഹൃത്തുക്കളെയും ആരാധകരെയുമെല്ലാം ഒരുപോലെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. പ്രിയ എസ് പിബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
ഒരു സഹപ്രവര്‍ത്തകന്‍ ആയിരുന്നില്ല തനിക്ക് ബാലുവെന്നും പ്രിയപ്പെട്ട അനുജന്‍ തന്നെയായിരുന്നുവെന്നും പറയുകയാണ് പ്രശസ്ത ഗായകന്‍ ഡോ. കെജെ യേശുദാസ്. ബാലുവിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആര്‍ക്കും ആ വിയോഗം താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലു എത്രമേല്‍ എന്നെ സ്‌നേഹിച്ചിരുന്നു എന്നതു പറഞ്ഞറിയിക്കാനാകില്ല. ‘അണ്ണാ’ എന്ന ആ വിളിയില്‍ എല്ലാമുണ്ട്. ഒരമ്മയുടെ വയറ്റില്‍ പിറന്നിട്ടില്ലന്നേയുള്ളൂ. ഞങ്ങള്‍ തമ്മില്‍ മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്നു തോന്നുന്നുവെന്നും അരനൂറ്റാണ്ടിലേറേയായുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലെന്നും യേശുദാസ് വേദനയോടെ കൂട്ടിച്ചേര്‍ത്തു.
ഇക്കാലമത്രയും പരസ്പരമുള്ള ആ സ്‌നേഹവും കരുതലും ആദരവും കൂടിക്കൂടി വന്നിട്ടേയുള്ളൂ. സിനിമയ്ക്കു വേണ്ടിയായാലും വേദികളിലായാലും ബാലുവിനൊപ്പം പാടുമ്പോള്‍ പ്രത്യേക എനര്‍ജിയാണ്; രസമാണ്. പരസ്പരം കരുത്തുമായിരുന്നു.
‘തങ്കത്തില്‍ വൈരം’ എന്ന സിനിമയില്‍ ‘എന്‍കാതലീ യാര്‍ സൊല്ലവാ’ എന്ന പാട്ടാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ചു പാടിയത്. ദളപതിയിലെ ‘കാട്ടുക്കുയില്‍ മനസുക്കുള്ളു’ എന്ന ഗാനമായിരുന്നു ഒരുമിച്ചു പാടിയ പ്രിയപ്പെട്ട ഗാനം. ഞങ്ങളുടെ ആത്മബന്ധത്തിന്റെ ഇഴയടുപ്പം ആ ഗാനത്തിലുമുണ്ടായിരുന്നു. ഒരുമിച്ച് ഏതു വേദിയിലെത്തിയാലും ആളുകള്‍ക്ക് കേള്‍ക്കേണ്ടിയിരുന്നതും ആ പാട്ടായിരുന്നുന്നും അദ്ദേഹം പറഞ്ഞു.
പാരിസില്‍ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്ത ഒരു ഗാനമേള കഴിഞ്ഞപ്പോള്‍ രാത്രിയേറെ വൈകി. ഭക്ഷണം കിട്ടാത്ത അവസ്ഥ. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നല്ല വിശപ്പുണ്ട്. അന്നേരമാണ് ‘റൂം സര്‍വീസ് പ്ലീസ്’ എന്നു പറഞ്ഞു മുറിയുടെ വാതിലില്‍ മുട്ടി വിളി. നോക്കുമ്പോള്‍ ബാലുവാണ്. ശബ്ദം മാറ്റി വിളിച്ചതാണ്. കയ്യിലെ പാത്രത്തില്‍ ചൂട് പാറുന്ന സാദം. സ്വയം ഉണ്ടാക്കിയതാണ്.
ആ വിശപ്പില്‍ ആ സാദത്തിന്റെ രുചി പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. എന്റെ വിശപ്പ് പോലും അറിഞ്ഞു വിളമ്പുന്ന തമ്പിയായിരുന്നു. ബാലു എന്നെ സംഗീതഗുരുവായി കണ്ടു എന്നത് എനിക്കുള്ള ആദരമാണ്. സിനിമയില്‍ പാടിയതിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി പാദപൂജ ചെയ്യണമെന്നു ബാലു പറഞ്ഞപ്പോള്‍ സ്വീകരിക്കേണ്ടി വന്നതും ആ സ്‌നേഹം കൊണ്ടാണെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് ആണെന്നറിഞ്ഞപ്പോഴും ബന്ധപ്പെട്ടിരുന്നു. എല്ലാ പ്രതിസന്ധികളെയുമെന്ന പോലെ ബാലു ഇതിനെയും അതിജീവിക്കും എന്ന് ഉറച്ചു വിശ്വസിച്ചു. ഇന്നലെ അവസാന മണിക്കൂറിലും ഇങ്ങു ദൂരെ അമേരിക്കയിലെ വീട്ടില്‍ പ്രാര്‍ഥനയോടെ ഇരുന്നതും ബാലുവിന്റെ അദ്ഭുതകരമായ തിരിച്ചുവരവിന്റെ വാര്‍ത്ത കേള്‍ക്കാനാണ്.
പക്ഷേ കോവിഡ് മഹാമാരി നല്‍കിയ നഷ്ടങ്ങളുടെ കൂട്ടത്തിലെ വലിയ സങ്കടമായി ബാലു വിടപറഞ്ഞു. യുഎസില്‍ നിന്നു പ്രായമേറിയവര്‍ക്ക് യാത്രാനുമതിയില്ല. ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാനാകുന്നില്ല എന്ന വലിയ സങ്കടം ബാക്കിയാകുന്നു. പക്ഷേ ഒരര്‍ഥത്തില്‍ ചലനമറ്റ ബാലുവിനെ കാണാതിരിക്കുന്നതാണ് നല്ലതെന്നും യേശുദാസ് പറഞ്ഞു.
Discussion about this post