ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. എന്തു പറഞ്ഞാലും ‘നോ’ എന്ന് പറയാത്ത സന്മനസുള്ളകലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും ശ്രീകുമാരന്‍ തമ്പി അനുസ്മരിച്ചു.
ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെ,
ഗായകന്‍-ഗാനരചയിതാവ് എന്നതില്‍ കവിഞ്ഞ് നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഞങ്ങള്‍. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഒരു ബന്ധം കൂടി ഞങ്ങള്‍ക്കിടയിലുണ്ട്. രണ്ടുപേരും ഒരേ കോളേജില്‍ എഞ്ചിനിയറിംഗ് പഠിച്ചവരാണ്. കോളേജില്‍ ബാലു എന്റെ ജൂനിയറായിരുന്നു. അന്ന് ഇരുവരും സിനിമയില്‍ എത്തിയിട്ടില്ല. പക്ഷേ പിന്നീട് രണ്ട് ഭാഷകളിലാണെങ്കിലും സിനിമയിലെത്തി. മലയാളത്തില്‍ ബാലു ഏറ്റവും കൂടുതല്‍ പാടിയത് എന്റെ പാട്ടുകളാണ്.
അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. എനിക്ക് മകളുണ്ടായപ്പോള്‍ ഞാന്‍ കവിതയെന്നാണ് പേര് നല്‍കിയത്. അത് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് ബാലുവിന് മകളുണ്ടാകുന്നത്. നിങ്ങള്‍ കവിതയെന്ന് മകള്‍ക്ക് പേരിട്ടു, ഞാനും ഗാനവുമായി ബന്ധമുള്ള പേര് നല്‍കുമെന്ന് അന്ന് ബാലു പറഞ്ഞു. പല്ലവിയെന്നാണ് ബാലു മകള്‍ക്ക് നല്‍കിയ പേര്. രണ്ടുപേരും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് കുട്ടികളുടെ സ്‌കൂളില്‍ വെച്ചും കാണുമായിരുന്നു. ഒരു കാലഘട്ടത്തില്‍ തമിഴ്, തെലുങ്കു, കന്നടയിലും ഒന്നാം സ്ഥാനത്ത് നിന്ന കലാകാരനായിരുന്നു. ഹിന്ദിയിലും അദ്ദേഹം തിളങ്ങി. മലയാളമായിരുന്നു അദ്ദേഹത്തിന് അല്‍പ്പം വഴങ്ങാതിരുന്നതെന്ന് അദ്ദേഹവും പറയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
Discussion about this post